
കാസർകോട്: ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന സംസ്ഥാനതല ശില്പശാലകളുടെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി . പ്രസാദ് നിര്‍വഹിക്കും. മാര്‍ച്ച് നാലു മുതല്‍ ആറു വരെ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള കേരകര്‍ഷക പ്രതിനിധികളുടെ സംസ്ഥാന ശില്‍പശാല സംഘടിപ്പിക്കും.
ഉത്തര കേരളത്തിലെ കൈപ്പാട് കര്‍ഷകരെയും ദക്ഷിണ കേരളത്തിലെ പൊക്കാളി കര്‍ഷകരെയും ഉള്‍പ്പെടുത്തി തീരദേശ നെല്‍ കര്‍ഷകരുടെ ശില്‍പശാലയും ക്ഷീര കര്‍ഷകരുടെ ശില്‍പശാലയും നടക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്കായി വിവിധ പരിശീലന പരിപാടികളും സെമിനാറുകളും , സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക പ്രശ്‌നോത്തരിയും നടക്കും. കര്‍ഷക പങ്കാളിത്ത ഗവേഷണത്തില്‍ പങ്കാളികളായ കര്‍ഷകര്‍, മുന്‍ കേന്ദ്രം മേധാവികള്‍, ശതാഭിഷിക്ത സ്റ്റാഫ് അംഗങ്ങള്‍ എന്നിവരെ ആദരിക്കും.
വിവിധ സംരംഭങ്ങള്‍, പ്രദര്‍ശനതോട്ടം, എക്‌സിബിഷന്‍ ഹാള്‍ എന്നിവയുടെ ഉദഘാടനവും ഫാം സന്ദര്‍ശനം, കലാപരിപാടികള്‍, പ്രസിദ്ധീകരണങ്ങളുടെ പ്രദര്‍ശനവും നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ എം .രാജഗോപാലന്‍ എം. എല്‍. എ അധ്യക്ഷനാകും. ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി പ്രസന്നകുമാരി, കാസര്‍കോട് സി. പി. സി ആര്‍. ഐ. ഡയറക്ടര്‍ ഡോ. അനിത കരുണ്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്‌സ്ററന്‍ഷന്‍ ഡോ ജയശ്രീ കൃഷ്ണന്‍ കുട്ടി, ഉത്തര മേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ ടി വനജ, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആറിന് നടക്കുന്ന സമാപന സമ്മേളനം കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം.രാജഗോപലന്‍ എം. എല്‍. എ അധ്യക്ഷനാകും. ചടങ്ങില്‍ പയ്യന്നൂര്‍ ടി.ഐ മധുസൂദനന്‍ എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജ് സ്‌പെഷല്‍ ഓഫിസര്‍ ഇ.പി.രാജ് മോഹന്‍, ഡോ ടി വനജ, മുന്‍ എം. എല്‍.എ കെ.കുഞ്ഞിരാമന്‍, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി പ്രസന്നകുമാരി, പിലിക്കോട് പഞ്ചായത്തംഗം പി. അജിത, കാസര്‍കോട് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസര്‍ ആര്‍.വീണ റാണി, ആര്‍.എ.ആര്‍.എസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വി. മീര മഞ്ജുഷ തുടങ്ങിയവര്‍ പങ്കടുക്കും.
