സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ വിവരക്കേട്’; ഒരിക്കലും നടക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നെന്ന് ഇ. ശ്രീധരൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ വിവരക്കേട്’; ഒരിക്കലും നടക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നെന്ന് ഇ. ശ്രീധരൻ

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന സംസ്ഥാന സർക്കാരി​ൻ്റെ തീരുമാനത്തിൽ പ്രതികരണവുമായി മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതി ഉപേക്ഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഇതിൽ സന്തോഷമുണ്ടായിരിക്കും. കേന്ദ്ര സർക്കാർ ഈ പദ്ധതിക്ക് ഒരിക്കലും അനുമതി നൽകില്ലെന്നും, പദ്ധതി ഒരിക്കലും നടക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന് ഇപ്പോൾ വിവേകം തോന്നിയതിൽ ആശ്ചര്യമില്ല. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിൽ അത് വലിയൊരു ആഘാതമുണ്ടാക്കും. ഇപ്പോൾ രൂപീകരിച്ച പദ്ധതി കേന്ദ്ര സർക്കാർ ഒരിക്കലും അംഗീകരിക്കില്ല. വിവേകമുള്ള ഒരു സർക്കാരും അത് അനുവദിക്കില്ല.

ആദ്യാവസാനം മാറ്റങ്ങൾ വരുത്തി പുതിയ പദ്ധതി രൂകപീകരിച്ചാൽ അതിന് അനുമതി ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സർക്കാരിൻ്റെ വിവരക്കേട് മാത്രമായിരുന്നു. ചിലർ ചേർന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് വെച്ചിരിക്കുകയാണ്. ആദ്യം മുതൽ ഈ പദ്ധതി നടക്കില്ലെന്ന് താൻ ചൂണ്ടിക്കാട്ടിയിരുന്നു.

സാങ്കേതികമായ പല പ്രശ്‌നങ്ങളും ഇതിലുണ്ടെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ തത്ക്കാലം ഉപേക്ഷിക്കുന്നതായി വിവരം ലഭിച്ചത്. സാമൂഹികാഘാത പഠനം തുടരില്ല. പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കാൻ തീരുമാനമായിട്ടുണ്ട്. ഇനി കേന്ദ്രത്തിൻ്റെ അനുമതി ലഭിച്ചാൽ മാത്രം തുടർനടപടിയെന്നാണ് തീരുമാനം.

0Shares