
നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് ( തെയ്യം -കല -അക്കാദമി) എന്ന കേരള സർക്കാർ സംസ്കാരിക വകുപ്പ് സ്ഥാപനം തലശേരിയിൽ പ്രവർത്തനമാരംഭിക്കുമ്പോൾ ലോകത്തിനു മുൻപിൽ ചരിത്രം രചിക്കുകയാണ് തലശേരിയും കേരളവും. ചൊക്ലിയിൽ പ്രവർത്തിക്കുന്ന തെയ്യം കലാ അക്കാദമിയുടെ ഭാഗമായാണ് കേന്ദ്രം പ്രവർത്തനം തുടങ്ങുക.
ഇതിനു സാംസ്ക്കാരിക വകുപ്പിൻ്റെ ഭരണാനുമതി ലഭിക്കുകയും എൻ.സി.ടി.ഐ.സി.എച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു. തെയ്യം, തിറ എന്നീ അനുഷ്ടാന കലകളുടെയും അവയ്‌ക്കൊപ്പം സാംസ്‌കാരിക അടയാളങ്ങളുടെ മ്യുസിയം, ആർട്ട് ഗാലറി , തെയ്യം വില്ലേജ് ഉൾപ്പെടെ ഹെറിറ്റേജ് അഥവാ പൈതൃക സംബന്ധിയായ വിഷയങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും അത്തരം കലാപ്രവർത്തനങ്ങൾ ഉറപ്പു വരുത്തുകയുമാണ് ഈ സ്ഥാപനത്തിൻ്റെ പരമോന്നത ലക്ഷ്യം.

തെയ്യം, തിറ എന്നീ കലാരൂപങ്ങൾക്കു പുറമെ തെയ്യത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഇതര കലകൾ, തെയ്യത്തോട് സാദൃശ്യമുള്ള സമാന കലകൾ എന്നിവയുടെ സംരക്ഷണം, പ്രസാരണം, ഗവേഷണം തുടങ്ങി ഈ രംഗത്തുള്ള കലാകാരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താനും ലോകമെമ്പാടുമുള്ള തെയ്യം സാദൃശ്യമുള്ള കലാരൂപങ്ങളുടെ ചരിത്രവും നാൾവഴിയും അടയാളപ്പെടുത്താനും ഈ കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാംസ്ക്കാരിക വകുപ്പ് ഓഫീസർമാർ ഉൾപ്പെട്ട 26 അംഗ ജനറൽ കൗൺസിൽ രൂപവത്ക്കരിച്ചു. യോഗ, കളരിപ്പയറ്റ്, വംശീയ വൈദ്യം എന്നീ കോഴ്സുകൾ ഉടനെ തുടങ്ങും. അതോടൊപ്പം തന്നെ ജ്യോതി ശാസ്ത്രം, ഗണിത ശാസ്ത്രം, തച്ചു ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ അക്കാദമിക് വിഭാഗങ്ങളിലും ഉൾപ്പെടുത്തും.
തെയ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു രൂപം കൊണ്ട കലാരൂപങ്ങൾക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രചാരണം നൽകുവാനും ലോകമെമ്പാടുമുള്ള ഇത്തരം സമാനകലകളുടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഇന്ററർനാഷനൽ ഹെറിറ്റേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക, പൈതൃക കലകൾക്ക് അവയുടെ സമാന സ്വഭാവമുള്ള കലാരൂപങ്ങൾക്കും യുനെസ്കോ പോലുള്ള സ്ഥപനങ്ങളുടെ അംഗീകാരം ലഭ്യമാക്കുവാൻ ഈ കേന്ദ്രം മുന്നിട്ടിറങ്ങും.
