
കാസർകോട്: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും അലംഭാവമാണെന്ന് യുവമോര്‍ച്ച കാസർകോട് ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ പറഞ്ഞു. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയാല്‍ 72 മണിക്കൂര്‍ കഴിഞ്ഞാണ് ഇപ്പോള്‍ ഫലം ലഭ്യമാകുന്നത്. കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തില്‍ സാങ്കേതികവിദ്യയുടെ അപര്യാപ്തതയായിരുന്നു പരിശോധനാഫലം വൈകുന്നതിനു കാരണമായതെങ്കില്‍ ഇപ്പോള്‍ സര്‍ക്കാരിൻ്റെ സാമ്പത്തികതാത്പ്പര്യം കാരണമാണ് ഫലം വൈകുന്നത്.
24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമായിരുന്ന സ്ഥിതിയില്‍ നിന്നാണ് പരിശോധനാ ഫലം ലഭിക്കാന്‍ 72 മണിക്കൂര്‍ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയത്. ഇതുമൂലം പ്രാഥമിക ലക്ഷണങ്ങളുള്ള ആളുകള്‍ പോലും പരിശോധനയ്ക്ക് മടിക്കുകയാണ്. പരിശോധനയ്‌ക്കെത്തുന്ന ആളുകള്‍ തന്നെ ഫലം പുറത്ത് വരാത്തതിനാല്‍ ക്വാറന്റൈനില്‍ കഴിയാന്‍ കൂട്ടാക്കാത്ത സാഹചര്യമാണ്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് നിര്‍ണ്ണായകമായ ആദ്യത്തെ മൂന്നു നാലു ദിവസങ്ങളില്‍ സമ്പര്‍ക്കം നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് രോഗവ്യാപനത്തിൻ്റെ തീവ്രത വര്‍ദ്ധിപ്പിച്ചത്.

കോവിഡ് പരിശോധനാ ലാബുകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിൻ്റെ പേരില്‍ ടെണ്ടര്‍ പോലും ക്ഷണിക്കാതെ രണ്ടും മൂന്നും ഇരട്ടി വിലയ്ക്ക് പി.പി.ഇ കിറ്റുള്‍പ്പെടെയുള്ളവ വാങ്ങിക്കൂട്ടിയ സര്‍ക്കാര്‍ കോവിഡ് മൂന്നാം തരംഗത്തിൻ്റെ സമയത്ത് ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ലാബുകളിലെ പരിശോധന കുറച്ചും ജീവനക്കാരെ ഒഴിവാക്കിയും ജനങ്ങളുടെ ജീവിതം പന്താടുകയാണ്. കോവിഡ് പരിശോധന സംവിധാനം കാര്യക്ഷമമാക്കിയും എഫ്എല്‍.ടി.സികളും ക്വാറന്റൈന്‍ സൗകര്യവും സജ്ജമാക്കിയും കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ധനഞ്ജയന്‍ മധൂര്‍ ചൂണ്ടിക്കാട്ടി.
ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, സംസ്ഥാന വനിതാ കണ്‍വീനര്‍ അഞ്ജു ജോസ്റ്റി, ജില്ലാ ജനറല്‍ സെക്രട്ടറി രക്ഷിത്ത് കെദ്ദിലായ, ജില്ലാ സെക്രട്ടറി അഗ്നേഷ് എന്നിവരുള്‍പ്പെട്ട യുവമോര്‍ച്ച പ്രതിനിധി സംഘം കാസർകോട് ജനറല്‍ ആശുപത്രി സൂപ്പ്രണ്ട് ഡോ. കെ.കെ. രാജാറാമിന് നിവേദനവും നല്‍കി.
