5 വർഷം കൊണ്ട് സംസ്ഥാനത്തിൻ്റെ കടബാധ്യത 3.71ലക്ഷം കോടി; കെ റെയിൽ ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സി.പി.എമ്മിന് ബോധ്യമുള്ള പദ്ധതി: രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing 5 വർഷം കൊണ്ട് സംസ്ഥാനത്തിൻ്റെ കടബാധ്യത 3.71ലക്ഷം കോടി;  കെ റെയിൽ ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സി.പി.എമ്മിന് ബോധ്യമുള്ള പദ്ധതി: രമേശ് ചെന്നിത്തല

ഒരിക്കലും നടപ്പാക്കാനാവില്ലെന്ന് സി.പി.എമ്മിന് തന്നെ ബോധ്യമുള്ള പദ്ധതിയാണ് കെ റെയിലെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലമേറ്റെടുത്ത് കമ്മീഷൻ തട്ടാനും വികസന വിരുദ്ധരെന്ന തങ്ങളുടെ മുഖമുദ്ര മാറ്റിയെടുക്കാനുമാണ് കെ റെയിലെന്നും പറഞ്ഞ് പിണറായി വിജയനും കൂട്ടരും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 5 വർഷം കൊണ്ട് സംസ്ഥാനത്തിൻ്റെ കടബാധ്യത 3.71ലക്ഷം കോടി രൂപയാണ്. 150 ശതമാനമാണ് ഈ കാലയളവിൽ കടത്തിൻ്റെ വർധന.കേരളത്തിലെ ഓരോ കുഞ്ഞിനും 1.34 ലക്ഷത്തിൻ്റെ ബാധ്യത വരുത്തിവെച്ചിട്ടാണ് പിണറായി വിജയൻ ഭരണവാർഷികം ആഘോഷിക്കുന്നത്.

കിഫ് ബി വഴി എടുത്ത 70762 കോടിയുടേയും കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ഫണ്ട് വഴി എടുത്ത 8640 കോടിയുടെയും കടം വേറെ. കേന്ദ്രത്തിൽ നിന്നും റവന്യൂ കമ്മി നികത്താൻ ലഭിച്ച തുകയും ജി. എസ്.ടി കോമ്പൻസേഷനും കൊണ്ടാണ് സർക്കാർ ഇതുവരെ പിടിച്ചു നിന്നത്. ഈ കേന്ദ്രസഹായം നിൽക്കുന്നതോടെ കേരളം കരകയറാൻ കഴിയാത്ത കടക്കെണിയിലേക്ക് വീഴും.പിണറായി വിജയനും കൂട്ടരും കടമെടുത്ത് ധൂർത്ത് നടത്തുന്നു, കേരളം പലിശ കൊടുത്ത് മുടിയുന്നു ഇതാണ് ഇന്നത്തെ അവസ്ഥയെന്നും ശ്രീലങ്കയെക്കാൾ ദുരിതത്തിലേക്ക് കേരളം കൂപ്പുകുത്തുമെന്നും രമേശ ചെന്നിത്തല പറഞ്ഞു.

തൃക്കാക്കരയിൽ മന്ത്രിമാരും എൽ.ഡി.എഫ് നേതാക്കളും ജാതിയും മതവും തിരിച്ചാണ് വോട്ടർമാരെ കാണുന്നതെന്നും തിരഞ്ഞെടുപ്പിന് ശേഷവും ഈ നാട് നിലനിൽക്കണമെന്ന ബോധം സി.പി. എമ്മിന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.കെ.എസ്ആർ.ടി.സിയിൽ മാത്രമല്ല, കെ റെയിൽ ഉദ്യോഗസ്ഥർക്കും ശമ്പളം കൊടുക്കാൻ ഈ സർക്കാരിന് കഴിയുന്നില്ലെന്നും രമേശ് പരിഹസിച്ചു.മലയാള അധിക്ഷേപതാരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു

0Shares