
എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവി ജെ.കെ ഡിനിലിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.
ബോംബേറ് നടത്തിയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. എ.കെ.ജി സെന്ററിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറും പ്രതികരിച്ചു.

സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖമോ ബൈക്കിൻ്റെ നമ്പറോ വ്യക്തമല്ല. സ്‌ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാള്‍ മടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല.
എ.കെ.ജി സെന്ററില്‍ നിന്ന് കുന്നുകുഴി വരെയുള്ള റോഡിലെ സി.സി.ടി.വി പൊലീസ് പരിശോധിക്കും. പ്രതി ബൈക്കില്‍ എ.കെ.ജി സെന്ററിലേക്ക് എത്തിയതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണ്. ഈ വഴിയൂടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ പരിശോധന നടത്തി. അതിനുശേഷമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്.
