
വിന്റേജ് മോട്ടോർ വാഹനങ്ങളുടെ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രത്യേക രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വിന്റേജ് മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ മന്ത്രാലയം ഔപചാരികമാക്കിയിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
വിന്റേജ് മോട്ടോർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി കേന്ദ്രം കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നു. നിർദ്ദിഷ്ട നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം മന്ത്രാലയം ആരായുകയും ചെയ്തിരുന്നു.

വിന്റേജ് വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്, വിൻടെജ് മോട്ടോർ വാഹനങ്ങളുൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്ന കാര്യം ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി അറിയിച്ചത്.ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങളിൽ നിലവിൽ നിയമങ്ങളില്ല.
ഈ സാഹചര്യത്തിൽ പുതിയ നിയമങ്ങൾ വിൻ്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ എളുപ്പത്തിലാക്കാൻ സഹായിക്കും. പഴയ നമ്പറുകൾ അതേ പടി നിലനിർത്തുന്നതിനോടൊപ്പം ഒരു ” വിഎ ” സീരീസ് (unique registration mark) പുതിയ റെജിസ്ട്രേഷനായി കൊണ്ടുവരും. വിന്റേജ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദിഷ്ട നിയമങ്ങളെക്കുറിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
