കാസർകോട് ജില്ലയിൽ കൊറഗ വിഭാഗത്തിന് പ്രത്യേക പദ്ധതികള്‍ ഈ വര്‍ഷം; 154 കുടുംബങ്ങളുടെ വീട് അറ്റകുറ്റ പണി നടത്തും

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിൽ കൊറഗ വിഭാഗത്തിന് പ്രത്യേക പദ്ധതികള്‍ ഈ വര്‍ഷം; 154 കുടുംബങ്ങളുടെ വീട് അറ്റകുറ്റ പണി നടത്തും

കാസർകോട്: ജില്ലയിലെ കൊറഗ വിഭാഗത്തിനായി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് ഈ വര്‍ഷം തുടക്കമാകും. ഒരു വര്‍ഷത്തിനുള്ളില്‍ കോളനികളില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കും വിധമുള്ള പദ്ധതികളാണ് വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കൊറഗ കോളനി നേരിട്ട് സന്ദര്‍ശിച്ച് സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് കൊറഗ കോളനികളില്‍ നടപ്പാക്കേണ്ട വികസന പദ്ധതികളുടെ സമഗ്ര രേഖയുണ്ടാക്കിയതെന്ന് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എം.മല്ലിക പറഞ്ഞു. അടുത്ത ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
154 കുടുംബങ്ങളുടെ വീട് അറ്റകുറ്റ പണി നടത്തും. ഇത് പരിശോധിക്കാനായി ജില്ലയില്‍ ആറ് അക്രഡിറ്റഡ് ഓവര്‍സിയര്‍മാര്‍ക്ക് ചുമതല നല്‍കി. ലൈഫ് മിഷനില്‍ വീടുകള്‍ക്ക് അപേക്ഷ നല്‍കിയവരുടെ രേഖകള്‍ പരിശോധിച്ച് പഞ്ചായത്ത് തലത്തില്‍ ഭരണസമിതി ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കുന്ന മുറയ്ക്ക് അപേക്ഷ പരിഗണിക്കും. ഏഴ് കുടുംബങ്ങളുടെ വീടുകള്‍ ഉടന്‍ വൈദ്യുതി അറ്റകുറ്റപണി നടത്തും. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കും.

കൊറഗ വിഭാഗത്തില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അസാപ്, എന്‍.ടി.ടി.എഫ് അക്കാദമി ഓഫ് മീഡിയ ആന്‍ഡ് ഡിസൈന്‍, വെള്ളിക്കോത്ത് റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി ജോലി ഉറപ്പാക്കും.
കോളനികളിലേക്കുള്ള കുടിവെള്ളവും പദ്ധതിയിലൂടെ ഉറപ്പാക്കും.

പദ്ധതികള്‍ നടപ്പിലാക്കാന്‍ അടിയ പണിയ പാക്കേജില്‍ നിന്നും സി.സി.ഡിയില്‍ (കണ്‍സര്‍വേഷന്‍ കം ഡെവലപ്‌മെന്റ്) നിന്നും തുക അനുവദിക്കും. സംസ്ഥാനത്ത് കൊറഗ വിഭാഗമുള്ള ഏക ജില്ലയാണ് കാസര്‍കോട്. നിലവില്‍ 585 കൊറഗ കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളില്‍ താമസിക്കുന്നത്. പെര്‍ഡാലയിലെ കൊറഗ കോളനിയില്‍ മാത്രം 46 കുടുംബങ്ങളുണ്ട്.

0Shares