ബിഹാറിൽ വാക്സിനെടുത്തവരിൽ മോദിയും സോണിയ ഗാന്ധിയും പ്രിയങ്ക ചോപ്രയും; പട്ടികയിൽ തിരിമറി

  • Post category:news
  • Reading time:1 min read
You are currently viewing ബിഹാറിൽ വാക്സിനെടുത്തവരിൽ മോദിയും സോണിയ ഗാന്ധിയും പ്രിയങ്ക ചോപ്രയും; പട്ടികയിൽ തിരിമറി

ബിഹാറിലെ അർവാൽ ജില്ലയിൽ നിന്നും കൊവിഡ് വാക്സിൻ എടുത്തവരുടെ പട്ടികയിൽ തിരിമറി കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, സിനിമാ താരങ്ങളായ അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ ജില്ലയിൽ നിന്നും വാക്സിനെടുത്തതായുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്.

ജില്ലയിലെ കർപി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും ഇവർ വാക്സിൻ എടുത്തതായുള്ള വിവരങ്ങളടങ്ങിയ പട്ടികയാണ് വാക്സിനേഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്തിരുന്നത്. ഇതിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഡാറ്റ എൻട്രി ചുമതലയുണ്ടായിരുന്ന രണ്ട് കംപ്യൂട്ടർ ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പട്ടികയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെയാണ്, ആരുടെ നിർദേശത്തിൻ്റെ പുറത്താണ് ഈ ഡാറ്റ തട്ടിപ്പ് നടത്തിയത് എന്ന് അന്വേഷിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ജെ. പ്രിയദർശിനി അറിയിച്ചു.

സംഭവത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്നും മാതൃകാപരമായ നടപടിയെടുക്കുമെന്നും കർപി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുറമെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ പുറത്ത് വരുന്നതിനനുസരിച്ച് നടപടിയെടുക്കുമെന്നും ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പ്രതികരിച്ചു.

0Shares