ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം; ബസുകൾ ക്ലാസ് മുറിയാക്കുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ശ്രമിക്കൂ; ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം; ബസുകൾ ക്ലാസ് മുറിയാക്കുന്നത് നിർത്തി സർവീസ് നേരെയാക്കാൻ ശ്രമിക്കൂ; ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ കെ.എസ്.ആർ.ടി.സിയെയും സർക്കാരിനെയും വിമർശിച്ച് ഹൈക്കോടതി. ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണമെന്ന് പറഞ്ഞ കോടതി ശമ്പളം കിട്ടാതെ എങ്ങനെ ജീവനക്കാർക്ക് ജീവിക്കാനാകുമെന്നും ചോദിച്ചു. ബസുകൾ ക്ലാസ് മുറിയാക്കുന്നത് നിർത്തി സർവീസ് നേരെയാക്കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു.

‘മാനേജ്മെന്റ് എന്ന് പറഞ്ഞാൽ വെറുതെ ഒപ്പിട്ടാൽ മാത്രം പോരാ. കെ.എസ്.ആർ.ടി.സി ലാഭകരമാക്കാനുള്ള തന്ത്രങ്ങൾ ഉണ്ടാക്കണം. പല ഡിപ്പോയിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല.
എന്തുകൊണ്ടാണ് സ്വകാര്യ ബസുകൾ ഇവിടെ നല്ല രീതിയിൽ നിലനിൽക്കുന്നത്. കെ.എസ്.ആർ.ടി.സി ഓരോ സമയത്ത് ഓരോന്ന് കാണിച്ചുകൂട്ടുകയാണ്. ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാനാണ് ഇതൊക്കെ ചെയ്യുന്നത്,’ കോടതി പറഞ്ഞു.

ഒരുപാട് ചുമതലകളുള്ള ഒരാളെ എന്തിനാണ് സി.എം.ഡി ആക്കിയതെന്നും കെ.എസ്.ആർ.ടി.സി പോലെ ഇത്രയും പ്രശ്നങ്ങളുള്ള ഒരു സ്ഥാപനത്തിൽ അത് വേണമായിരുന്നോയെന്നും കോടതി ചോദിച്ചു.
അതേസമയം, കെ.എസ്.ആർ.ടി.സിയിലെ ശമ്പളം നൽകുന്നതിൽ വിവേചനം കാണിക്കരുതെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് അംഗീകരിക്കാനികില്ലെന്ന് കോടതി പറഞ്ഞിരുന്നു.

തങ്ങൾക്ക് ശമ്പളം നൽകാത്തിടത്തോളം ഉന്നത ഓഫീസർമാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകേണ്ടതാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി നടിക്കില്ലെന്നും കോടതിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

0Shares