
കാസർകോട്: സംസ്ഥാന സര്‍ക്കാരിനെ മോശപ്പെടുത്താന്‍ ഉദ്ദേശിച്ച് ബോധപൂര്‍വ്വം ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കത്തിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി പ്രസ്താവനയിറക്കിയിട്ടും ചില ഉദ്യോഗസ്ഥർ പേരുദോഷം ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുകയാണ്. പോലീസ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥർക്കെതിരെയാണ് കഴിഞ്ഞ ദിവസം സംസ്ഥാനതല പ്രസ്ഥാവനയിറക്കിയത്.
എന്നാൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് ആരോപിച്ച് സെക്ടറൽ മജിസ്ടേറ്റ് പദവിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരും പണി തുടങ്ങി. കുറ്റിക്കോൽ, ബേഡകം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓൺ ഡ്യൂട്ടി വാഹനത്തിലെത്തി സെക്ടറൽ മജിസ്ട്രേറ്റ് ഉദ്യോഗസ്ഥൻ സാധാരണക്കാരെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുകയാണെന്ന് ആക്ഷേപമുയർന്നു.

ഒറ്റക്കിരിക്കുന്നവരെയും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വരുന്നവരെയും മാസ്ക് മുഖത്ത് വെച്ചില്ലെന്ന് പറഞ്ഞ് വ്യക്തിഗത വിവരങ്ങൾ എഴുതി കൊണ്ടുപോവുകയാണ്. പിന്നീട് പാൻഡമിക് ആക്ട് പ്രകാരം പിഴയോ ശിക്ഷയോ അത് രണ്ടും ലഭിക്കാവുന്ന കുറ്റം ചുമത്താൻ പോലീസ് വിഭാഗത്തിന് ഇത് കൈമാറും. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും സമ്മേളങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാകളക്ടറും സാങ്കേതിക അനുമതി നൽകിയിട്ടുണ്ട്. അങ്ങനെയിരിക്കെ ചില നിയമപാലകർ സാധാരണക്കാരായ ആളുകളെ മാത്രം ഒറ്റ തിരിഞ്ഞ് വേട്ടയാടുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ബില്‍തുക അടയ്‌ക്കുന്നതിന് സാവകാശം നല്‍കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. കുടുംബാംഗങ്ങളുമായി യാത്ര ചെയ്യുന്നവരെപോലും തടഞ്ഞു നിര്‍ത്തി ചില പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്ന വാര്‍ത്തകളും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്. ഇത്തരം സംഭവങ്ങളിലൂടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്.
