
മലപ്പുറം: വിപണിയിൽ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മൂന്നുപേർ പിടിയിലായി. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി പികുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്. ടി.പി കുമാർ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് മുൻ പ്രസിഡണ്ട് ആണ്.
ബുധനാഴ്‌ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്‌ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ലാസ്‌കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് വില്പന നടത്താൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു.

ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽ ഒരാൾ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.
കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ വനം- വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ .എസ്.പി വിജയ് ഭാരത് റെഡ്ഡി ഐ.പി.എസിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്.ഐ ഫദൽ റഹ്മാനും, ഡാൻ സാഫ് (DANSAF) ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
