
മകള്‍ക്കെതിരായ അനധികൃത ബാര്‍ നടത്തിപ്പ് ആരോപണത്തില്‍ നിയമപോരാട്ടത്തിന് തുടക്കമിട്ട് സ്മൃതി ഇറാനി. ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി വക്കീല്‍ നോട്ടീസയച്ചു. പവന്‍ ഖേര, ജയറാം രമേശ്, നെട്ട ഡിസൂസ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്.
തൻ്റെ മകള്‍ക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്ന് സ്മൃതി ഇറാനി നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഗോവയിലെ ‘സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍’ കേന്ദ്രമന്ത്രിയുടെ കുടുംബമാണ് നിയന്ത്രിക്കുന്നതെന്നും മകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു. മരിച്ചയാളുടെ പേരില്‍ മന്ത്രിയുടെ മകള്‍ സോയിഷ് ഇറാനി ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നും നേതാക്കള്‍ ആരോപണം ഉന്നയിച്ചു.

എൻ്റെ മകള്‍ കോളേജ് വിദ്യാര്‍ഥിനിയാണെന്നും അവള്‍ ഒരു ബാറും നടത്തുന്നില്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. ചട്ടം ലംഘിച്ച് മദ്യ വില്‍പനയ്ക്ക് ലൈസന്‍സ് എടുത്തെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് കമ്മിഷണര്‍ ‘സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാറി’ന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതോടെയാണ് സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. ഈ ബാറിന് റെസ്‌റ്റോറന്റിന് ലൈസന്‍സ് ഇല്ലാത്ത സാഹചര്യം അറിഞ്ഞിട്ടും മദ്യ വില്‍പനയ്ക്ക് ലൈസന്‍സ് ലഭിച്ചെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. മെയ് മാസത്തില്‍ മരിച്ചയാളുടെ പേരില്‍ ജൂണില്‍ മദ്യവില്‍പ്പന ലൈസന്‍സ് പുതുക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
