
രാജ്യത്തെ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിൻ്റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയെ അറിയിച്ച് ആറുവയസ്സുകാരി. പെൻസിലിൻ്റെയും നൂഡിൽസിൻ്റെയും വില കൂടിയെന്ന തന്നെ ബാധിക്കുന്ന വിഷയമാണ് കുട്ടി കത്തിൽ പറയുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുപിയിലെ കന്നൗജ് ജില്ലയിലെ ഛിബ്രമൗ നഗരത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി കൃതി ഡുബെ ആണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ‘എൻ്റെ പേര് കൃതി ഡുബെ എന്നാണ്. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. മോദിജീ, വലിയതോതിൽ വിലക്കയറ്റം ഉണ്ടാകുന്നു. എൻ്റെ പെൻസിലിനും റബ്ബറിനും (ഇറേസർ) വില കൂടി. മാഗി നൂഡിൽസിൻ്റെ വിലയും വർധിച്ചു.

ഒരു പെൻസിൽ ചോദിക്കുമ്പോൾ ഇപ്പോൾ അമ്മയെന്നെ അടിക്കും. എന്താണ് ഞാൻ ചെയ്യേണ്ടത്? മറ്റു കുട്ടികൾ എൻ്റെ പെൻസിൽ മോഷ്ടിച്ച് കൊണ്ടു പോകുന്നു.’ കത്തിൽ പറയുന്നു. ഹിന്ദിയിൽ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതു തൻ്റെ മകളുടെ ‘മൻ കി ബാത്’ ആണെന്ന് കൃതിയുടെ പിതാവ് അഭിഭാഷകനായ വിശാൽ ഡുബെ പറഞ്ഞു.
സ്‌കൂളിൽ വച്ച് പെൻസിൽ നഷ്ടപ്പെട്ടതിൽ കുട്ടിയുടെ മാതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് പെൺകുട്ടി കത്തെഴുതിയതെന്ന് പിതാവ് വ്യക്തമാക്കി. കുട്ടിയുടെ കത്തിനെക്കുറിച്ച് അറിയുന്നത് സമൂഹമാധ്യമങ്ങൾ വഴിയാണെന്ന് ഛിബ്രമൗ എസ്ഡിഎം അശോക് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘കുട്ടിയെ സഹായിക്കാൻ ഒരുക്കമാണ്. മാത്രമല്ല, ഈ കത്ത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ എത്തിക്കാൻ ആവുന്നത് ചെയ്യാം’ അദ്ദേഹം പറഞ്ഞു.
