
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത ആറുപേരെ പൊലീസ് അറസ്റ്റു ചെയ്‌തു. ബുധനാഴ്‌ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ ഒളിവിലാണ്.
മരിച്ച സിദ്ധാര്‍ഥനെ റാഗ് ചെയ്‌തതിലും ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ബുധനാഴ്‌ച പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ ആറുപേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്‌തു. ഇതോടെ കേസില്‍ ആകെ 18 പ്രതികളായി.

യൂണിയന്‍ പ്രസിഡണ്ട് കെ.അരുണ്‍, ഭാരവാഹി എന്‍.ആസിഫ് ഖാന്‍ (20), എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (20), കെ അഖില്‍ (23), ആര്‍.എസ് കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ.അജയ് (20), ഇ.കെ സൗദ് റിസാല്‍ (22), എ.അല്‍ത്താഫ് (22), വി.ആദിത്യന്‍ (22), എം.മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്.
നാലുപേര്‍ സിദ്ധാര്‍ഥൻ്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണ വിധേയമായി കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു. സംഭവത്തില്‍ ഇത്രയും ദിവസമായിട്ടും പ്രതികളായ എസ്എഫ്ഐക്കാരെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
