
ബംഗളൂരു മയക്കു മരുന്ന് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സി.പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്‍റെ അറസ്റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നുമായിരുന്നു യെച്ചൂരി പറഞ്ഞത്.

ബിനീഷിന്‍റെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷിനെ ഇന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത്. ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തത്. ശാന്തിനഗറിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. 10 മണിക്ക് ഹാജരാകാനായിരുന്നു നോട്ടീസ്.
അനൂപ് മുഹമ്മദിന് ലഭിച്ച പണത്തില്‍ ഭൂരിഭാഗവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലില്‍ ഭൂരിഭാഗം പണവും ബിനീഷുമായി ബന്ധമുള്ളവരാണ് നല്‍കിയതെന്ന് അനൂപ് മുഹമ്മദ് പറഞ്ഞിരുന്നു.
