
ധനകാര്യ ഇടപാടുകൾക്ക് ജൂലായ് മുതൽ പുതിയ വ്യവസ്ഥകൾ നിലവിൽവന്നു. എ.ടി.എമ്മിൽനിന്ന് തുകപിൻവലിക്കൽ, അക്കൗണ്ടിലെ മിനിമം ബാലൻസ്, മ്യുച്വൽ ഫണ്ട്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ടയ്ക്കാണ് പുതിയ വ്യവസ്ഥകൾ ബാധകം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ മൂന്നുമാസത്തേയ്ക്ക് എ.ടി.എം നിരക്കുകൾ ഒഴിവാക്കിയിരുന്നു. മാർച്ചിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞതിനാൽ എ.ടി.എം ഇടപാടുകൾക്ക് മുമ്പത്തെപോലെ നിരക്കുകൾ ഈടാക്കും.
അക്കൗണ്ടുകളിലെ മിനിമം ബാലൻസ് സംബന്ധിച്ച നിബന്ധനകൾക്കും മൂന്നുമാസത്തെ ഇളവ് അനുവദിച്ചിരുന്നു. അതിന്‍റെയും കാലാവധി അവസാനിച്ചു. ചിലബാങ്കുകൾ മിനിമം ബാലൻസ് നിലനിർത്തണമെന്ന് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇത് പാലിക്കാത്തവരിൽനിന്ന് ഈമാസംമുതൽ പിഴ ഈടാക്കിയേക്കാം.

അടൽ പെൻഷൻ യോജന അക്കൗണ്ടിലേയ്ക്കുള്ള ഓട്ടോ ഡെബിറ്റ് സംവിധാനം ജൂൺ 30വരെ നിർത്തിവെയ്ക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ബാങ്കുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഈ മാസംമുതൽ ഇത് പുനഃരാരംഭിക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റുവരെയുള്ള കാലത്തെ വിഹിതത്തിൽനിന്ന് പിഴപലിശ ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ജൂലായ് മുതൽ സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. എസ്ഐപി, എസ്ടിപി തുടങ്ങിയവവഴിയുള്ള നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്. നിക്ഷേപിക്കുന്നതുകയുടെ 0.005ശതമാനമാണ് ഡ്യൂട്ടിയായി ഈടാക്കുക. ഡെറ്റ് ഫണ്ടുകൾക്കും ഓഹരി അധിഷ്ഠിത ഫണ്ടുകൾക്കും ഇത് ബാധകമാണ്. ഹ്രസ്വകാല നിക്ഷേപത്തേയ്ക്ക് വൻതുക നിക്ഷേപിക്കുന്ന ഡെറ്റ് പദ്ധതികളെയാകും ഇത്കാര്യമായി ബാധിക്കുക.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം വർഷത്തിൽ 2000 രൂപവീതം മൂന്നുവർഷത്തേയ്ക്ക് മൊത്തം 6000 രൂപ കർഷകർക്ക് നൽകുന്നതാണ് പദ്ധതി. ഇതുവരെ അഞ്ചുതവണ പണം കൈമാറി. ഇതിനുള്ള രജിസ്ട്രേഷൻ നടത്തേണ്ട അവസാന തിയതി ജൂൺ 30 ആയിരുന്നു.
