സിദ്ധാര്‍ഥൻ്റെ മരണം; പ്രതികള്‍ക്കെതിരെ ക്രിമിനില്‍ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സിദ്ധാര്‍ഥൻ്റെ മരണം; പ്രതികള്‍ക്കെതിരെ ക്രിമിനില്‍ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെ ക്രിമിനില്‍ ഗൂഢാലോചന കുറ്റം കൂടി ചേർത്തു. വിട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചുവിളിച്ചത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. മർദനത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായും പോലീസ് വ്യക്തമാക്കി.

നേരത്തെ പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ പോലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. സിദ്ധാർഥനെ ആള്‍ക്കൂട്ട വിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തു നിന്ന് തിരിച്ചു വിളിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്.

പ്രാഥമികമായി തന്നെ ഇതില്‍ ഗൂഢാലോചന വ്യക്തമാണെങ്കിലും നേരത്തെ പോലീസ് പ്രതികളുടെപേരില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നില്ല. റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാ സാധ്യതകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ നിന്നുതന്നെ വ്യക്തമാണെന്ന് നിയമ വിദഗ്‌ധരും ചൂണ്ടിക്കാട്ടിയിരുന്നു.

ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാലെൻ്റെൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെ തുടർന്ന് കോളേജില്‍ വെച്ച്‌ സിദ്ധാർഥന് ക്രൂരമർദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നുവെന്നാണ് പരാതി.

0Shares