കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്യുന്നു പക്ഷെ …; മോദിയോട് ചോദ്യങ്ങളുന്നയിച്ച് ശശി തരൂര്‍ എം.പി

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്യുന്നു പക്ഷെ …; മോദിയോട് ചോദ്യങ്ങളുന്നയിച്ച് ശശി തരൂര്‍ എം.പി

കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞദിവസം അംഗീകാരം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നടപടി ഇക്കാര്യത്തില്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രധാനമായ ചില ചോദ്യങ്ങളും ശശി തരൂര്‍ ഉന്നയിച്ചു.

‘ഡോ .ആര്‍.പി. നിശാങ്ക് പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്വാഗതാര്‍ഹമായ പല കാര്യങ്ങളുമുണ്ട്. ഞങ്ങളെപ്പോലുള്ള ചിലര്‍ ഉയര്‍ത്തിയ നിര്‍ദേശങ്ങളും മുഖവിലക്കെടുത്തിട്ടുണ്ട്. പക്ഷെ ഇത് പാര്‍ലമെന്റില്‍ എന്ത്കൊണ്ട് ചര്‍ച്ചയ്ക്ക് വെച്ചില്ല എന്നതാണ് ബാക്കിയാവുന്ന ചോദ്യം.’ തരൂര്‍ ആദ്യ ട്വീറ്റില്‍ കുറിച്ചു.

ഞാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ ആയിരുന്ന കാലത്തു തന്നെ 1986-ലെ ദേശീയ വിദ്യാഭ്യാസ നയം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും 21ാം നൂറ്റാണ്ടിലേതിനു അനുയോജ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ആറ് വര്‍ഷമെടുത്തെങ്കിലും അവരത് ചെയ്തു എന്നതില്‍ സന്തോഷമുണ്ട്. പക്ഷെ ആഗ്രഹത്തിനൊത്ത് ഇനി ഇതെല്ലാം നടപ്പിലാക്കുകയെന്നതാണ് വെല്ലുവിളി.’ തരൂര്‍ പറഞ്ഞു.

ജി.ഡി.പിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തില്‍ ചിലവഴിക്കണമെന്നതാണ് 1948 മുതലുള്ള രാജ്യത്തിന്‍റെ നയം. കഴിഞ്ഞ ആറ് വര്‍ഷത്തെ മോദി ഭരണകാലത്തില്‍ വിദ്യാഭ്യാസത്തില്‍ ചിലവഴിച്ച തുക നന്നേ കുറവാണ്. അങ്ങനെയെങ്കില്‍ 6 ശതമാനമെന്നത് എങ്ങനെ സാധ്യമാവുമെന്നും തരൂര്‍ ചോദിക്കുന്നു.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം പ്രവേശന അനുപാതമെന്ന ലക്ഷ്യവും പത്താംക്ലാസ് തലത്തില്‍ 100% പ്രവേശന അനുപാതമെന്നതും പ്രശംസനീയമാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലത് 25% എന്നും ഒമ്പതാം ക്ലാസ്സില്‍ 68% എന്നുമാവുമ്പോള്‍ അത് യാഥാര്‍ഥ്യബോധത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണോ എന്ന സംശയം തോന്നിയേക്കാം എന്ന ആശങ്കയും തരൂര്‍ പങ്കുവെക്കുന്നുണ്ട്.

0Shares