സംഘടനാ ഘടനയില്‍ സമഗ്രമായ അഴിച്ചുപണി വേണം; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing സംഘടനാ ഘടനയില്‍ സമഗ്രമായ അഴിച്ചുപണി വേണം;  സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. തിങ്കളാഴ്ച 10 ജന്‍പഥ് റോഡിലെ വസതിയിലെത്തിയാണ് സോണിയഗാന്ധിയെ കണ്ടത്. ഒക്ടോബര്‍ 17ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച.

പാര്‍ട്ടി നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിങ് എന്നിവര്‍ക്കൊപ്പമായിരുന്നു ശശി തരൂര്‍ സോണിയാ ഗാന്ധിയെ കാണാനെത്തിയത്. അടുത്തിടെ, ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നിരുന്നാലും, സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അദ്ദേഹം ഇതുവരെ പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ല.

23 കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പില്‍ ശശി തരൂര്‍ അംഗമായിരുന്നില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ശശി തരൂര്‍ ജി-23 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു . പാര്‍ട്ടിയുടെ സംഘടനാ ഘടനയില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യപ്പെടുകയും ആഭ്യന്തര തെരഞ്ഞെടുപ്പിലൂടെ പുതിയ പാര്‍ട്ടി അധ്യക്ഷനെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഒരു കൂട്ടമാണ് ജി-23 ഗ്രൂപ്പ്.

2019-ല്‍ രാഹുല്‍ ഗാന്ധി രാജിവച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ് . ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് നടക്കുക.

0Shares