
മറുനാടൻ മലയാളി ചീഫ്. എഡിറ്റര്‍ ഷാജൻ സ്‌കറിയ കേരള പൊലീസിൻ്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തി അത് യൂടൂബ് വഴി പ്രചരിപ്പിച്ചുവെന്ന് പി.വി അൻവര്‍ എം.എല്‍.എ. സംഭവത്തില്‍ എം.എല്‍.എ ഡി.ജി.പി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പരാതിനല്‍കി. ഏപ്രില്‍ മാസത്തിലാണ് ഷാജൻ സന്ദേശങ്ങള്‍ ചോര്‍ത്തിയത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇ-മെയില്‍ വഴി പരാതി അയച്ചു. ഷാജൻ ചോര്‍ത്തിയത് 8 മിനുട്ട് 8 സെക്കണ്ടുള്ള വയര്‍ലെസ് മെസേജ് ആണെന്നും സ്‌കറിയയുടെയും കുടുംബത്തിൻ്റെയും പാസ്പോര്‍ട്ട്, വിദേശ യാത്രകള്‍ എന്നിവ പരിശോധിക്കണമെന്നും വിഷയം കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നേരത്തെ കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജിൻ നല്‍കിയ കേസില്‍ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി. മൂന്നാഴ്‌ചക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും നിലനില്‍ക്കുന്നത് അപകീര്‍ത്തിക്കെതിരായ കുറ്റം മാത്രമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. പി.വി ശ്രീനിജിൻ എം.എല്‍.എയുടെ പരാതിയിലാണ് ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഹര്‍ജി 17ന് പരിഗണിക്കാനായിരുന്നു സുപ്രിംകോടതി നേരത്തെ തീരുമാനിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിൻ്റെ ബെഞ്ച് പരിഗണനക്കെടുത്തത്.
ശ്രീനിജിനെ അധിക്ഷേപിച്ച് മെയ് 25ന് മറുനാടൻ മലയാളി ചാനലില്‍ വന്ന വാര്‍ത്ത പിന്നീട് വിവിധ മാധ്യമങ്ങളിലുടെ ഷാജൻ സ്‌കറിയ വ്യാപകമായി പ്രചാരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ജൂണ്‍ എട്ടിനാണ് എം.എല്‍.എ എളമക്കര പൊലീസില്‍ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഷാജൻ ഒളിവില്‍പ്പോയി. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. ഷാജൻ സ്‌കറിയക്ക് പുറമെ സി.ഇ.ഒ ആൻ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ എം. റിജു എന്നിവരും പ്രതികളാണ്.
