
സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരൺ. സ്വപ്ന സുരേഷ് പാലക്കാട്ട് വാർത്താ സമ്മേളനം നടത്തി ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോപണവുമായി ഷാജ് കിരൺ രംഗത്തെത്തിയത്. ‘സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എൻ്റെ ശബ്ദം തന്നെയാണ് എന്നാൽ, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാർഥ ശബ്ദരേഖ എൻ്റെ കൈവശമുണ്ട്. അത് ഞാൻ പുറത്തുവിടും.’ ഷാജ് പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സ്വപ്ന സുരേഷിനോട് സംസാരിച്ചിട്ടില്ല. വിദേശത്തുനിന്ന് ഫണ്ട് തൻ്റെ കമ്പനിയിലൂടെ വരുത്താമെന്ന് പൊന്നൻ വക്കീൽ പറഞ്ഞു. സ്വപ്ന പറഞ്ഞിട്ടാണ് പൊന്നൻ വക്കീൽ വിളിച്ചത്. ഗൂഢാലോചനയിൽ പങ്കാളിയല്ല. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ചുവന്ന വാർത്തകളെക്കുറിച്ചാണ് പറഞ്ഞത്. എഫ്.സി.ആർ.എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്.’ ഷാജ് വിശദീകരിച്ചു.
