
തൃശൂർ: എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്.എഫ്.ഐ പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ മർദിച്ചു. പത്തിൽ അലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം നടന്നത്. സി.ആർ.പി.എഫിൻ്റെ സുരക്ഷാ വലയം മറികടന്നാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്.
വ്യാഴാഴ്‌ചയും ഗവർണറുടെ പരിപാടികൾ തൃശൂരിൽ ഉണ്ടായിരുന്നു. ബി.ജെ.പി ആർ.എസ്.എസ് അനുഭാവികളാണ് എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചതെന്നാണ് പൊലീസ് നിഗമനം.

അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ പ്രവർത്തകരെ വ്യാഴാഴ്‌ച പൊലീസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്ത് കാവില്‍ ആരോഗ്യ സർവകലാ ശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വെളപ്പായ റോഡിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്.
വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള 25 എസ്.എഫ്.ഐ പ്രവർത്തകരെയാണ് പോലീസ് പിടികൂടിയത്. ഗവർണറുടെ വാഹന വ്യൂഹത്തിനടുത്ത് എത്തിയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. സമരക്കാരുടെ മുഖത്തും കണ്ണിലും മർദിച്ചെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലും പ്രവർത്തകർ പ്രതിഷേധിച്ചു.
