അഞ്ചുമാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവും പിഴയും

You are currently viewing അഞ്ചുമാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവും പിഴയും

കാസർകോട്: ഗർഭിണിയായ യുവതി തൂങ്ങി മരിച്ച കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. കമ്പാർ, പുത്തുർ, ബെദ്രഡുക്ക ഹൗസിങ്ങ് കോളനിയിലെ സാദിക് സുലൈമാൻ (35) ആണ് ആറ് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഗാർഹിക പീഢനം, ആത്മഹത്യാ പ്രേരണ, എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധിക തടവ് അനുഭവിക്കണം.

ഭർതൃമാതാവായ ആസ്യുമ്മ (56) ക്ക് രണ്ടുവർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം.

കാസർഗോഡ് അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജ്‌ എ.മനോജാണ് ശിക്ഷ വിധിച്ചത്.

2016 ഒക്ടോബർ 21നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. മുള്ളേരിയ കിന്നിംഗാറിലെ ഫായിസ (23) ആണ് ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിന് ഇരയായത്. തുടർന്ന് മരിക്കുമ്പോൾ അഞ്ചുമാസം ഗർഭിണി ആയിരുന്നു.

കാസർകോട് പോലീസ് രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് ഡി.വൈ.എസ്.പി ആയിരുന്ന എം.വി സുകുമാരനാണ്. പ്രോസിക്യുഷന് വേണ്ടി അഡിഷണൽ ഗവൺമെണ്ട് പ്ലീഡർ ഇ.ലോഹിതാക്ഷൻ ഹാജരായി.

0Shares