
തൃശൂർ നഗരത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

തൃശൂർ ഈസ്റ്റ് പൊലീസ് ശക്തൻ, വടക്കേ ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴരവരെ നീണ്ടു നിന്നു.
ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസ് പിടിച്ചിട്ടു. ജഗദ് ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.
