
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്.ഡി.പി.ഐ. അംഗം രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിയുന്നു. പതിനാലാം വാര്‍ഡ് കല്ലങ്കൈയിലെ അംഗമായിരുന്ന വി.ആര്‍. ദീക്ഷിത്താണ് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
പൊതുപ്രവര്‍ത്തനത്തില്‍ തനിക്ക് പരിചയമില്ലാത്തതും വികസനം നടത്തുന്നതിന് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതുമാണ് രാജിക്ക് കാരണമായി പറയുന്നു. മുസ്ലിം ലീഗിൻ്റെ കൈവശമുണ്ടായിരുന്ന വാര്‍ഡ് കഴിഞ്ഞതവണ ദീക്ഷിത്തിലൂടെ എസ്.ഡി.പി.ഐ. പിടിച്ചെടുക്കുകയായിരുന്നു.

എല്ലാ കാര്യത്തിലും പിന്തുണയും സഹായവുമുണ്ടായാലേ മത്സരിക്കാനാവൂവെന്നും ഇക്കാര്യം തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി ഭാരവാഹികളോട് പറഞ്ഞിരുന്നുവെന്നും ദീക്ഷിത് പറയുന്നു. പാർട്ടിയെയും ജനപ്രതിനിധിയായ തന്നെയും പഞ്ചായത്ത് അധികാരികളും ജീവനകക്കാരും വകവയ്ക്കുന്നില്ല.
മറ്റുള്ള വാർഡുകളിൽ നല്ല വികസനങ്ങൾ നടക്കുമ്പോൾ അത് ചൂണ്ടിക്കാട്ടി വാർഡിലെ ജനങ്ങൾ പരിഹസിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ദീക്ഷിത് മെമ്പർ സ്ഥാനം രാജി വെയ്ക്കാൻ നിർബന്ധിതമായത് എന്നും റിപ്പോർട്ടുകളുണ്ട്.
