
സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മേഖലയിലുണ്ടായ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള രാജാവിന്‍റെ താല്‍പ്പര്യപ്രകാരമാണ് തീരുമാനം.

ഹജ്ജ്, ഉംറ മേഖലയിലെ നിക്ഷേപകര്‍, വ്യക്തികള്‍, സ്വകാര്യമേഖല സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇളവുകളുടെ പ്രയോജനം ലഭിക്കും. ഈ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി അടക്കാന്‍ ആറു മാസത്തെ ഇളവ് നല്‍കി. മക്ക, മദീന നഗരങ്ങളില്‍ താമസ സൗകര്യങ്ങള്‍ക്കായി അനുവദിക്കുന്ന മുനിസിപ്പല്‍ വാണിജ്യ പ്രവര്‍ത്തന ലൈസന്‍സുകളുടെ വാര്‍ഷിക ഫീസ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി.ഇരു നഗരങ്ങളിലെയും താമസ സൗകര്യങ്ങള്‍ക്കായി ടൂറിസം മന്ത്രാലയ ലൈസന്‍സ് പുതുക്കാനുള്ള ഫീ ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി.
ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ താമസ രേഖ പുതുക്കാനുള്ള ഫീ ആറു മാസത്തേക്ക് ഒഴിവാക്കി. അതെ സമയം , ഇത് ഒരു വര്‍ഷത്തിനുള്ളില്‍ തവണകളായി അടച്ചുതീര്‍താല്‍ മതിയാകും .
പുണ്യ സ്ഥലത്ത് സന്ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെ യാത്രകള്‍ക്കായി സ്ഥാപനങ്ങള്‍ സര്‍വിസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ് (ഇസ്തിമാറ) ഫീ ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി.
ഈ വര്‍ഷത്തെ ഹജ്ജിനായി ഒരുക്കുന്ന പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് മാറ്റിവെക്കും. ഇത് നിശ്ചിത തീയതി മുതല്‍ നാല് മാസ കാലയളവില്‍ തവണകളായി അടച്ചാല്‍ മതിയാകും. വ്യക്തികള്‍ക്കും സ്വകാര്യമേഖലക്കും നിക്ഷേപകര്‍ക്കും ഉണ്ടായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സൗദി സര്‍ക്കാര്‍ 150ലധികം പദ്ധതികളിലൂടെ 180 ബില്ല്യണ്‍ റിയാല്‍ അനുവദിച്ചിട്ടുണ്ട്.
