സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ 42 ലക്ഷംരൂപ തട്ടിയ കേസിൽ സരിത എസ്. നായർക്ക് ആറു വർഷം കഠിന തടവ്

  • Post category:news
  • Reading time:1 min read
You are currently viewing സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ 42 ലക്ഷംരൂപ തട്ടിയ കേസിൽ സരിത എസ്. നായർക്ക് ആറു വർഷം കഠിന തടവ്

സോളാർ പാനൽ വയ്ക്കാമെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശിയുടെ 42 ലക്ഷംരൂപ തട്ടിയ കേസിൽ സരിത എസ് നായർക്ക് ആറു വർഷം കഠിന തടവ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍റെ ശിക്ഷ പിന്നീട് വിധിക്കും.കേസിൽ രണ്ടാം പ്രതിയായ സരിത നാൽപ്പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.

സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആൾമാറാട്ടം എന്നി കുറ്റങ്ങൾ തെളിഞ്ഞതായി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. മൂന്നാം പ്രതി മണി മോനെ കോടതി വെറുതെ വിട്ടു.സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്നു വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ൽ കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വീട്ടിലും ഓഫിസിലും സോളാർ പാനൽ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുൽ മജീദിൽനിന്നു സരിത പണം തട്ടിയത്. മലബാർ ജില്ലകളിൽ ഫ്രാഞ്ചൈസി നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു.കേസിൽ നിരന്തരമായി കോടതിയിൽ ഹാജരാവാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച സരിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

0Shares