
വൈഗയുടെ ദുരൂഹമരണത്തിന് പിന്നാലെ നാടുവിട്ട അച്ഛൻ സനുമോഹന്‍ കര്‍ണാടകയില്‍ അറസ്റ്റിൽ. കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. സനുമോഹനെ കേരള പോലീസ് പിടികൂടിയതായി കര്‍ണാടക പോലീസും വ്യക്തമാക്കി.
സനുമോഹനെ കേരള പോലീസ് കര്‍ണാടകയില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. എന്നാല്‍ കേരളത്തിൽ നിന്ന് പോയ പോലീസ് സംഘം ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. അല്പസമയം കൂടി കാത്തിരിക്കാനും വൈകാതെ വെളിപ്പെടുത്താമെന്നുമായിരുന്നു പോലീസിന്‍റെ പ്രതികരണം.

വൈഗയുടെ മരണശേഷം സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ 6 ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു. അതിനാലാണ് പോലീസ് കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.
മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതായത്. അടുത്ത ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തി. പിന്നാലെ സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
