
കാസർകോട് ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി. മടിക്കൈ, ബേഡഡുക്ക, കോടോം ബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി,പനത്തടി, തൃക്കരിപ്പൂര്‍,പിലിക്കോട്, പുല്ലൂര്‍ പെരിയ, കള്ളാര്‍, പള്ളിക്കര, ദേലംപാടി, പുത്തിഗെ, അജാനൂര്‍,പൈവളിഗെ,ചെറുവത്തൂര്‍,കുറ്റിക്കോല്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകള്‍ക്കും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍ക്കും. കാഞ്ഞങ്ങാട് ബ്ലോക്കിനുമാണ് ശുചിത്വ പദവി ലഭിച്ചത്.
ഒരു നാടിന്‍റെ വികസന നിലവാരം അളക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ് ശുചിത്വമെന്നും മൂക്കു പൊത്തി നടക്കേണ്ട അവസ്ഥ വരുന്നത് വികസനത്തിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ മികവ് തെളിയിച്ച് 589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ വ്യക്തി ശുചിത്വത്തില്‍ വളരെ തല്‍പരരായിരിക്കുമ്പോള്‍ തന്നെ അവര്‍ ജീവിക്കുന്ന സ്ഥലത്ത് മാലിന്യം കുന്നുകൂടുന്ന അവസ്ഥയാണുള്ളത്. പലയിടത്തും ഇതൊരു വലിയ പ്രശ്‌നമാണ്. ഈ സാഹചര്യത്തിലാണ് നാടിന്‍റെ ശുചിത്വം ഉറപ്പ് വരുത്തുക, എല്ലാ പ്രദേശങ്ങളെയും വൃത്തിയായി സംരക്ഷിക്കുക, വിവിധ ജലസ്രോതസുകളെ ശുദ്ധമായി നിലനിര്‍ത്തുക തുടങ്ങിയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. ഇത് തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണപങ്കാളിത്തത്തോടെ, നാട്ടുകാരുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയത്. അതിന് നേതൃത്വം നല്‍കാനും ഒപ്പം നിന്ന് പ്രവര്‍ത്തിക്കാനുമാണ് ഹരിത്‌കേരളം മിഷന്‍ രൂപീകരിക്കുന്നത്.
നവകേരള കര്‍മപദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായിരുന്നു മിഷനിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത്. അതിലൊരെണ്ണം ഇപ്പോള്‍ നല്ല രീതിയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ഇതില്‍ സന്തോഷിക്കുമ്പോഴും ഇത്രയും വൈകിപ്പോയതിന്‍റെ വേദന എല്ലാവരുടടെയും മനസിലുണ്ടാവണം. കാരണം ശുചിത്വം പ്രാഥമിക ചുമതലയാണ്. അത് മറന്ന് കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും മറ്റു ചുമതലകളുള്ളപ്പോഴും നമ്മുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ല.
ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ശുചിത്വപദവി നല്‍കുകയും തുടര്‍ന്ന് ദ്രവമാലിന്യമുള്‍പ്പെടെയുള്ള സമ്പൂര്‍ണ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുന്ന മുറക്ക് സമ്പൂര്‍ണ ശുചിത്വ പദവി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
