സജി ചെറിയാൻ്റെ മാറിൽ ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നത് എന്താണ്; മാതൃഭൂമി കാര്‍ട്ടൂണിന് എതിരെ വ്യാപക പ്രതിഷേധം

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing സജി ചെറിയാൻ്റെ മാറിൽ ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നത് എന്താണ്; മാതൃഭൂമി കാര്‍ട്ടൂണിന് എതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ രാജിവച്ചതിന് ശേഷം മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഒന്നാം പേജിലെ കാർട്ടൂൺ ആണ് വിവാദമായിരിക്കുന്നത്. സജി ചെറിയാൻ്റെ നെഞ്ചിൽ ശൂലം കുത്തിയിറക്കിയ നിലയിലുള്ള ചിത്രമാണ് പ്രധാന വാർത്തയ്ക്കു നൽകിയത്. ഇത് ഇടതുപാർട്ടി പ്രവർത്തകരെ മാത്രമല്ല, പൊതുസമൂഹത്തെ മുഴുവൻ അനിഷ്ടത്തിലാക്കി. പ്രവാചക നിന്ദ നടത്തിയ മാതൃഭൂമിക്കെതിരെ മുമ്പ് കേരളത്തിലാകെ പ്രതിഷേധം ഉണ്ടായിരുന്നു. ഒരു മുഖ്യധാരാ മാധ്യമം ഇത്തരത്തിൽ അപഹാസ്യമായ രീതി തുടരുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അഭിപ്രായം ഉയർന്നു.

മുന്‍ മന്ത്രി കെ.ടി ജലീല്‍: മാതൃഭൂമി മാനേജിങ് ഡയറക്ടറും എല്‍.ജെ.ഡി അധ്യക്ഷനുമായ എം.വി ശ്രേയാംസ്‌ കുമാറിനെതിരേ മുന്‍ മന്ത്രി കെ.ടി ജലീല്‍. സജി ചെറിയാൻ്റെ രാജി വാര്‍ത്തയ്‌ക്കൊപ്പം മാതൃഭൂമി പത്രം നല്‍കിയ കാര്‍ട്ടൂണിനെ വിമര്‍ശിച്ചാണ് ജലീല്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ വിമര്‍ശനം നടത്തിയത്.

സജി ചെറിയാൻ്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി അര്‍ത്ഥമാക്കുന്നതെന്താണെന്ന് ശ്രേയംസ്‌ കുമാറിനോട് കെ.ടി ജലീല്‍ ചോദിച്ചു. താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുയെന്നും ജലീല്‍ പറഞ്ഞു. കെ.ടി ജലീല്‍ പറഞ്ഞത്: ‘മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാൻ്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?’

മാതൃഭൂമി കാര്‍ട്ടൂണിനെതിരെ സി.പി.ഐ(എം) കേന്ദ്രങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.

ആനാവൂർ നാഗപ്പൻ: ‘മാതൃഭൂമി ദിനപത്രം മുന്‍പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അങ്ങേയറ്റം അനുചിതവും അപഹാസ്യവുമായി പോയി. പരിണിത പ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിൻ്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എന്നിട്ടും അരിശം തീരാതെ ഏഴാം പേജില്‍ സ: സജി ചെറിയാനെ കെട്ടിത്തൂക്കി കൊണ്ടാണ് മാതൃഭൂമി അരിശം തീര്‍ക്കുന്നത്.

ഏത് രാഷ്ട്രീയ നേതാവിനെയായാലും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. വളരെ നാളായി മാതൃഭൂമി സ്വീകരിച്ച പുതിയ രാഷ്ടീയ നയത്തിൻ്റെ ഭാഗമാണ് ഇത്തരത്തില്‍ മനുഷ്യത്വ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ സമീപനം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. ആ രാഷ്ട്രീയവും അതാണല്ലോ പിന്തുടരുന്നത്. ആര്‍.എസ്‌.എസ് കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന അടിമത്തം മാതൃഭൂമിക്ക് ഭൂഷണമാകില്ല, മഹത്തായ ഒരു പാരമ്പര്യമുള്ള മാധ്യമ സ്ഥാപനം ഇത്രയ്ക്ക് അധഃപതിച്ചതില്‍ ഖേദമുണ്ട്.”

എംഎം മണി: ഈ (ശൂല) കാര്‍ട്ടൂണിനെ ഒറ്റവാക്കില്‍ Non ഡാഡി സിന്‍ഡ്രോം എന്നല്ല Multiple ഡാഡി സിന്‍ഡ്രോം ന്നാ പറയേണ്ടത്. ഹാ.. കഷ്ടം മാതൃഭൂമി. ഇതാണ് മണിയാശാൻ്റെ പ്രതികരണം.

കാര്‍ട്ടൂണിനെതിരെ നവമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കാർട്ടൂൺ തയ്യാറാക്കിയ ചിത്രകാരനെതിരെയും മാതൃഭൂമി പത്രത്തിനും സ്ഥാപന ഉടമ എം.വി ശ്രേയാംസ്‌ കുമാറിനെതിരെയും പ്രതിഷേധം ഉയർന്നു. ചില ഇടത് പാർട്ടി കേന്ദ്രങ്ങളിൽ പത്രം ബഹിഷ്കരിക്കാനും ആഹ്വാനം ഉണ്ടായി. കാർട്ടൂണിസ്റ്റിനെ ശൂലത്തിൽ കെട്ടിയാണ് ഇടത് സൈബർ പ്രവർത്തകർ പ്രതികരിച്ചത്.

0Shares