സജി ചെറിയാൻ വീണ്ടും മന്ത്രി; ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം, ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സജി ചെറിയാൻ വീണ്ടും മന്ത്രി; ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം, ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു

തിരുവനന്തപുരം: ആറ് മാസത്തെ ഇടവേളക്ക് ശേഷം ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിൻ്റെ പേരിൽ ആറ് മാസം മുമ്പാണ് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

കഴിഞ്ഞവര്‍ഷം ജുലായ് 6ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലായിരുന്നു സജി ചെറിയാൻ്റെ രാജി. കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2018 ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി സജി ചെറിയാന്‍ നിയമസഭാംഗമാകുന്നത്. 2021 ല്‍ വീണ്ടും വിജയിച്ച് മന്ത്രിസഭയിലെത്തി.

മൂന്ന് മുന്നണികള്‍ക്കും ശക്തിയുള്ള ചെങ്ങന്നൂരില്‍ 2018ലെ ഉപതിരഞ്ഞെടുപ്പില്‍ 20,956 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2021ല്‍ പോള്‍ ചെയ്തതിൻ്റെ 48.58 ശതമാനം വോട്ടുനേടി 32,093 വോട്ടിൻ്റെ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. സ്‌പീക്കർ എ.എൻ ഷംസീർ, മന്ത്രിമാർ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, എൽ.ഡി.എഫ് നേതാക്കൾ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.

0Shares