
കാസർകോട്: മത്സ്യതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് കരുത്തേകി ഫിഷറീസ് വകുപ്പിൻ്റെ സാഫിൻ്റെ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) തീരമൈത്രി പദ്ധതി. സ്ത്രീകളുടെ ഉന്നമനം, ദാരിദ്രനിര്‍മ്മാര്‍ജ്ജം, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തല്‍ എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന വനിതകളുടെ സംരംഭങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. സാഫിൻ്റെ കീഴില്‍ ജില്ലയില്‍ 100 ഓളം ഗ്രൂപ്പുകളിലായി 240 ഓളം സ്ത്രീകള്‍ ഉപജീവനം നടത്തി വരികയാണ്.
അവശ്യ സാധനങ്ങള്‍ എത്തിച്ച് തീരമാവേലി
ജില്ലയില്‍ മൂന്ന് തീരമാവേലികളാണ് പ്രവര്‍ത്തിക്കുന്നത്. നീലേശ്വരം മാര്‍ക്കറ്റ് ജംഷന്‍,അച്ചാം തുരുത്തി, കാടംങ്കോട് എന്നിവിടങ്ങളിലായാണ് തീരമാവേലികളുള്ളത്. തീരമാവേലി സൂപ്പര്‍മാര്‍ക്കറ്റ്, സപ്ലൈക്കോയുടെ 13 ഇനം സബ്സിഡി സാധനങ്ങളും മറ്റ് സാധന സാമഗ്രികളും ഈ സംരംഭത്തിലൂടെ വില്‍പനചെയ്യുന്നു. ശരാശരി പ്രതിമാസം 18 ലക്ഷം രൂപയുടെ വിറ്റുവരവാണ് തീരമാവേലിയിലൂടെ ലഭിക്കുന്നത്. സാഫ് പദ്ധതി ഗുണഭോക്താക്കളായ രണ്ട് സ്ത്രീകളാണ് ഓരോ തീരമാവേലി യൂണിറ്റിലും ജോലി ചെയ്തു വരുന്നത്.

കടല്‍ രുചികള്‍ നുണയാന്‍ തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍
വ്യത്യസ്തമായ കടല്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന സീഫുഡ് റസ്റ്റോറന്റുകള്‍ക്ക് ജില്ലയില്‍ പ്രിയമേറുകയാണ്. പടന്നയിലെ മീന്‍ രുചി, കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലുള്ള അടുക്കള, ചെമ്മനാട് പഞ്ചായത്തിലെ കളനാട് പ്രവര്‍ത്തിക്കുന്ന ഹണി എന്നിങ്ങനെ മൂന്ന് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളാണ് ജില്ലയിലുള്ളത് . കരിമീനും മറ്റ് വിഭവങ്ങളും തേടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഈ റസ്റ്റോറന്റുകളിലേക്ക് എത്തുന്നുണ്ട്. അഞ്ച് വീതം സ്ത്രീകളുടെ നേതൃത്വത്തിലാണ് ഓരോ റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നത്. തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ പ്രതിമാസം മൂന്ന് ലക്ഷം രൂപയോളം വിറ്റ് വരവ് നേടുന്നുണ്ട്. റസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ 75 ശതമാനം ധനസഹായം സാഫില്‍ നിന്ന് ലഭിക്കും. തുടര്‍പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിങ് ചുമതലയും സാഫിനാണ്.
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വ്യത്യസ്ത ധനസഹായ പദ്ധതികള്‍
സാഫിൻ്റെ മറ്റു പദ്ധതികളിലായി ജില്ലയിലെ തീരദേശ മേഖലകളില്‍ വിവിധ സ്ഥാപനങ്ങളും സംരംഭങ്ങളും വിജയകരമായി മുന്നോട്ടുപോവുകയാണ്. 32 ഹോട്ടല്‍ ആന്റ് ഫ്ളോര്‍മില്‍, 34 പലവ്യഞ്ജനക്കടകള്‍, 12 സര്‍വ്വീസ് ആന്റ് ബ്യുട്ടിപാര്‍ലര്‍, 32 ടൈലറിംഗ് ആന്റ് ഗാര്‍മെന്റ്സ് എന്നിവ വനിതകളുടെ നേതൃത്വത്തില്‍ സജീവമാണ്. സംരംഭം തുടങ്ങാന്‍ താല്പര്യമുള്ള വനിതകള്‍ക്ക് സൗജന്യ താമസ സൗകര്യത്തോടു കൂടിയ പരിശീലനം നല്‍കും. തീരമൈത്രി പദ്ധതിയിലൂടെ 75 ശതമാനം തിരിച്ചടയ്ക്കാത്ത ഗ്രാന്റായും 25 ശതമാനം ബാങ്ക് ലോണായും 5 ശതമാനം ഗുണഭോക്തൃ വിഹിതമായും സംരംഭത്തിന് ധനസഹായം ലഭിക്കും.

സംരംഭം മെച്ചപ്പെടുത്താന്‍ റിവോള്‍വിംഗ് ഫണ്ട്
പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷമായ യൂണിറ്റുകള്‍ക്ക് സംരംഭം മെച്ചപ്പെടുത്താന്‍ തീരമൈത്രിയുടെ മറ്റൊരു പദ്ധതിയായ റിവോള്‍വിംഗ് ഫണ്ടിലൂടെ സഹായം ലഭിക്കും. ഗ്രാമ പഞ്ചായത്തുകള്‍ വഴിയാണ് റിവോള്‍വിംഗ് ഫണ്ട് നല്‍കിവരുന്നത്. യഥാക്രമം 25000, 40000, 60000, 100000 രൂപ വരെ ലഭിക്കും. സംരംഭം തുടങ്ങി 3 വര്‍ഷം കഴിഞ്ഞ യൂണിറ്റുകള്‍ക്ക് ടെക്നോളജി ഫണ്ടും അനുവദിക്കും . സാങ്കേതിക നവീകരണത്തിനായി 75 ശതമാനം ധനസഹായം സാഫ് നല്‍കും.
സംരംഭം മെച്ചപ്പെടുത്തുന്നതിനായി സംരംഭത്തിലെ ഒരംഗത്തിന് 50000 രൂപ എന്ന തോതില്‍ കേരള ബാങ്ക് വഴി ലോണ്‍ നല്‍കുന്ന പദ്ധതിയാണ് ലോങ്ങ് ടേം ലോണ്‍ പദ്ധതി. മത്സ്യവില്‍പന നടത്തുന്ന 5 പേരടങ്ങുന്ന വനിതകളെ ഗ്രൂപ്പായി തിരിച്ച് ഒരാള്‍ക്ക് 10000 രൂപ നിരക്കില്‍ 50000 രൂപ പലിശ രഹിതവായ്പയായി നല്‍കിവരുന്ന പദ്ധതിയാണ് ജെ.എല്‍ജി പദ്ധതി . തീരദേശ മേഖലയില്‍ ഉപജീവനം നടത്തുന്ന വനിതകള്‍ക്ക് മറ്റൊരു വരുമാന മേഖല സാഫ് പദ്ധതിയിലൂടെ സൃഷ്ടിക്കുകയാണ്. ജില്ലയില്‍ മികച്ച രീതിയില്‍ പദ്ധതികള്‍ മുന്നോട്ടുപോവുകയാണ്. അയ്യായിരം മുതല്‍ മുപ്പതിനായിരം വരെ വരുമാനം പദ്ധതിയിലൂടെ സ്ത്രീകള്‍ നേടുന്നുണ്ടെന്നും ജില്ലയിലെ 240 കുടുംബങ്ങള്‍ വിവിധ പദ്ധതികളിലൂടെ ഉപജീവനം നടത്തിവരികയാണെന്നും സാഫ് ജില്ലാ കോ-ഓഡിനേറ്റര്‍ ലിബിന്‍ വിനോദ് പറഞ്ഞു.
