
കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാളി ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന നിലവിലെ വ്യവസ്ഥ ചോദ്യം ചെയ്‌തു നൽകിയ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. വ്യവസ്ഥ തൊട്ടുകൂടായ്‌മ ആണെന്നും ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശത്തിന് വിരുദ്ധമാണെന്നുമുള്ള ഹർജിക്കാരുടെ വാദമാണ് കോടതി തള്ളിയത്. ക്ഷേത്രപ്രവേശനം ഉൾപ്പെടെ കാര്യങ്ങളിലുള്ള അവകാശം പരിപൂർണമല്ല. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ദേവസ്വം ബോർഡിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി തള്ളിയത്.
മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ കോട്ടയം സ്വദേശി സി.വി വിഷ്‌ണുനാരായണൻ, തൃശൂർ സ്വദേശികളായ ടി.എൽ സിജിത്, പി.ആർ വിജീഷ് എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.

മലയാളി ബ്രാഹ്മണർ എന്നത് മലബാർ മാനുവൽ അനുസരിച്ചും 1881ലെ സെൻസസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ തൊട്ടുകൂടായ്‌മ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. യോഗ്യരായവരാണ് ശബരിമല മേൽശാന്തിമാർ ആകേണ്ടതെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി മലയാള ബ്രാഹ്മണർ വരുന്നത് പുരാതനകാലം മുതൽ തുടരുന്ന രീതിയാണെന്നും അതു മാറ്റാനാകില്ലെന്നുമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഈ പദവി പൊതുവായിട്ടുളള നിയമനമോ സ്ഥിരം നിയമനമോ അല്ല. കീഴ്വഴക്കം അനുസരിച്ചാണ് ഒരു സമുദായത്തിൽ നിന്നുള്ള പൂജാരിമാരെ മേൽശാന്തിമാരായി ക്ഷണിക്കുന്നത്. 35നും 60നും ഇടയിൽ പ്രായമുള്ളവരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നത് എന്നും ബോർഡ് വാദിച്ചു.
പുരാതന കാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നത് എന്നതിന് രേഖകളുണ്ടോ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു. എന്നാൽ ഇക്കാര്യം തെറ്റാണെങ്കിൽ തെളിയിക്കേണ്ടത് ഹർജിക്കാരാർ ആണെന്നായിരുന്നു ദേവസ്വം ബോർഡ് നിലപാട് സ്വീകരിച്ചത്.
