
അമേരിക്കയിലെ ഉന്നത സൈനിക നേതാക്കൾക്കായി ഒരുക്കിയ അത്താഴ വിരുന്നിന് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കും. ബൈഡനുമായി ഔപചാരിക കൂടിക്കാഴ്ചയ്ക്കായി എത്തുന്ന സംയുക്ത മേധാവികൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഉക്രെനെതിരെ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഉക്രെയ്‌നിനായി 800 മില്യൺ ഡോളറിൻ്റെ സൈനിക സഹായ പാക്കേജിന് ബൈഡൻ അംഗീകാരം നൽകി. രാജ്യത്തിന് പ്രതിരോധ പ്രവർത്തനത്തിന് നിർണായകമായ ആയുധങ്ങളും വിതരണം ചെയ്തു. ഈ പുതിയ സഹായ പാക്കേജിൽ ഞങ്ങൾ ഇതിനകം നൽകിയിട്ടുള്ള നിരവധി ഫലപ്രദമായ ആയുധ സംവിധാനങ്ങളും, കിഴക്കൻ ഉക്രെയ്‌നിൽ റഷ്യ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന വിശാലമായ ആക്രമണത്തിന് അനുയോജ്യമായവയും ഇതിൽ അടങ്ങിയിരിക്കും ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.
ഉക്രെയ്നിൻ്റെ പ്രതിരോധത്തെ നേരിട്ട് സഹായിക്കാൻ യു. എസ് സൈന്യത്തെ വിന്യസിച്ചിട്ടില്ലെങ്കിലും, അമേരിക്കൻ സൈന്യം ഉക്രേനിയൻ സേനയെ പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ഇന്റലിജൻസ് സഹായം നൽകുകയും ചെയ്യുന്നു.
പോളണ്ട് ഉൾപ്പെടെ സമീപത്തെ നാറ്റോ രാജ്യങ്ങളിലും യു. എസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നാറ്റോ അംഗരാജ്യത്തെ ആക്രമിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ്റെ ഏത് നീക്കവും യു. എസ് സൈന്യത്തിൻ്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് നേരിടുമെന്ന് ബൈഡൻ മുന്നറിയിപ്പ് നൽകി.
