250 തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ; തിരുവനന്തപുരം നഗരസഭപെട്ട പുതിയ കുരുക്ക് ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing 250 തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ; തിരുവനന്തപുരം നഗരസഭപെട്ട പുതിയ കുരുക്ക് ഇങ്ങിനെ

ആറ്റുകാല്‍ പൊങ്കാല ദിവസത്തെ ചിലവിന്‍റെ പേരില്‍ നടന്ന അഴിമതി മറ്റൊരു തലത്തില്‍. പൊങ്കാല ദിവസം 250 തൊഴിലാളികള്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച്‌ പൈസ കൈപ്പറ്റാന്‍ ശ്രമം. പൊങ്കാല ദിനത്തില്‍ മാലിന്യം നീക്കാനായി ലോറിവാടക സംബന്ധിച്ച്‌ നടന്ന അഴിമതി പുറത്തു വന്നതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി എന്നപേരില്‍ അരലക്ഷത്തോളം രൂപ നഗരസഭ പാസാക്കാന്‍ ശ്രമിച്ചത്.

ഇതിന് പുറമേ 50 കേസ് കുടിവെള്ളം വാങ്ങാനായി 5400 രൂപയും, 95 കിലോ പഴം വാങ്ങാനായി 2660 രൂപയും ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതി പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ സമിതിയിലെ ബി.ജെ.പി അംഗങ്ങള്‍ കണക്കിലെ അപാകത ചൂണ്ടിക്കാണിച്ചതോടെ ബില്ല് പാസാക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. യോഗത്തില്‍ എതിര്‍പ്പുയര്‍ന്നതോടെ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം ബില്ല് പാസാക്കിയാല്‍ മതിയെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.ജമീലാ ശ്രീധരന്‍ നിര്‍ദേശിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഭക്തര്‍ വീടുകളിലാണ് പൊങ്കാല അര്‍പ്പിച്ചത്. എന്നിട്ടും നഗരം വൃത്തിയാക്കാന്‍ എന്നപേരില്‍ കോര്‍പ്പറേഷന്‍ 21 ടിപ്പറുകള്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള ടെണ്ടര്‍ നടപടിക്ക് പൊങ്കാലയ്‌ക്ക് അഞ്ചു ദിവസം മുമ്പ് കൗണ്‍സിലില്‍ ചര്‍ച്ചചെയ്യാതെ മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് അഴിമതിയാണെന്നും ബി.ജെ.പി ദേശീയ സമിതി അംഗം അശോക് കുമാര്‍ ആരോപിച്ചു.

0Shares