പുഴയാത്രയും ജലാശയ സംരക്ഷണ റാലിയും; ബങ്ങാട്ടെ പുഴയെ അറിയാൻ തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് നീറ്റിലിറങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing പുഴയാത്രയും ജലാശയ സംരക്ഷണ റാലിയും; ബങ്ങാട്ടെ പുഴയെ അറിയാൻ തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് നീറ്റിലിറങ്ങി

ഉദുമ / കാസർകോട്: തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് പുഴയെ അറിയുക ജലാശയങ്ങളെ സംരക്ഷിക്കുക എന്ന സന്ദേശം മുൻനിർത്തി പുഴയാത്ര സംഘടിപ്പിച്ചു. ബെങ്ങാട് നടന്ന പുഴയാത്രയുടേയും ജലാശയ സംരക്ഷണറാലിയുടേയും ഉദ്ഘാടനം ബേക്കൽ സബ് ഇൻസ്പെക്ടർ സാലിം.കെ നിർവ്വഹിച്ചു.

വലിയൊരു ജനസമൂഹത്തിന് ജലാശയങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നുവെന്നും മാലിന്യക്കൂമ്പാരങ്ങളായി മാറുന്ന പുഴകളെ സംരക്ഷിക്കേണ്ട ബാധ്യത ഭാവി തലമുറകളായ കുട്ടികൾക്കുണ്ടെന്നും ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ഈ ദൗത്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പങ്ക് വളരെ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊയിനാച്ചി മുതൽ അജാനൂർ വരെയുള്ള വീടുകളിലേക്ക് ശുദ്ധജല വിതരണം ചെയ്യുന്ന ബങ്ങാട് ജലസംഭരണി, പമ്പ് ഹൗസ്, പവർ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ച് ജല അതോറിറ്റി ഓപ്പറേറ്റർ കേഡറ്റുകൾക്ക് വിശദീകരിച്ചു കൊടുത്തു.

തുടർന്ന് എസ്.പി.സി യൂണിറ്റ് ലീഡർമാരായ ലക്ഷ്മി ദേവി, കാശിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ജലാശയ സംരക്ഷണ പ്രതിജ്ഞയും റാലിയും നടന്നു ബങ്ങാട് പുഴയുടെ ഉദ്ഭവത്തെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സ്നേഹി ശരത് വിശദീകരിച്ചു.

ബങ്ങാട് വാർഡ് മെമ്പർ പ്രസീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് വിജയകുമാർ, പി.ടി.എ. പ്രസിഡന്റ് ജിതേന്ദ്രകുമാർ, സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത്, സുജിത. എ.പി എന്നിവർ സംസാരിച്ചു. അധ്യാപകരായ മുഹമ്മദ് ഇർഷാദ് അബ്ദുൾ മജീദ്, അശോകൻ, സൗമ്യ, രാജു, പ്രണാബ്, ധന്യ രതീഷ് എന്നിവർ നേതൃത്വം നൽകിയ പുഴ യാത്രയിൽ നിരവധി ഗ്രാമവാസികളും അണിനിരന്നു.

0Shares