വിദ്യാനഗറിലെ കുടുംബശ്രീ ജില്ലാ മിഷൻ്റെ കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന് മികച്ച പ്രതികരണം; ഏഴ് ദിവസം കൊണ്ട് നേടിയത് 96,293 രൂപ

  • Post category:local news
  • Reading time:1 min read
You are currently viewing വിദ്യാനഗറിലെ കുടുംബശ്രീ ജില്ലാ മിഷൻ്റെ  കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന് മികച്ച പ്രതികരണം;  ഏഴ് ദിവസം കൊണ്ട് നേടിയത് 96,293 രൂപ

കാസർകോട്: വിദ്യാനഗറില്‍ കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന് മികച്ച പ്രതികരണം. ദിവസേന ഇരുന്നൂറോളം പേരാണ് ഫെസ്റ്റിലേക്ക് സന്ദര്‍ശകരായി എത്തുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊതുജനങ്ങളും ഫെസ്റ്റിലെ നിത്യസന്ദര്‍ശകരാണ്. ജൂലൈ 25ന് ആരംഭിച്ച ഫെസ്റ്റ് ആഗസ്റ്റ് അഞ്ചിന് അവസാനിക്കാനിരിക്കെ ഇതുവരെ ഫെസ്റ്റില്‍ നേടിയത് 96,293 രൂപ.

ഇതില്‍ കര്‍ക്കിടക കഞ്ഞിക്ക് മാത്രമായി 63000 രൂപയും ട്രേഡ് ഫെയറില്‍ 33,293 രൂപയും നേടാനായി. ആദ്യദിനമായ ജൂലൈ 25ന് നേടിയത് 6035 രൂപയായിരുന്നു. ആഗസ്റ്റ് 1ന് 21,625 രൂപയായി. അവസാന ദിനങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ആയുര്‍വ്വേദ വിധി പ്രകാരം തയാറാക്കുന്ന ഔഷധക്കഞ്ഞി അഥവാ മരുന്ന് കഞ്ഞി, ഉലുവ കഞ്ഞി, ജീരക കഞ്ഞി, പാല്‍ക്കഞ്ഞി അഥവാ നെയ്യ് കഞ്ഞി എന്നിവയുടെ കൂടെ പത്തില കൂട്ടിൻ്റെ കറിയും നെല്ലിക്ക ചമ്മന്തിയും ഉണ്ടാകും.

ഒപ്പം മധുരമേറിയ മുളയരി പായസം, ചക്കപ്പായസം, മഞ്ഞള്‍ അട, ഔഷധ കാപ്പിയും ലഭ്യമാണ്. കര്‍ക്കിടക കഞ്ഞി ഉച്ചയ്ക്ക് 12.30 മണിമുതല്‍ ലഭ്യമാവും. നാല്‍പത് രൂപയാണ് പൊതുജനങ്ങള്‍ക്കുള്ള വില. മുളയരി പായസത്തിന് 30 രൂപയും ചക്കപ്പായസത്തിന് 20 രൂപയുമാണ് വില.ഇതിനുപുറമേ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയും ഫെസ്റ്റിലുണ്ട്.

0Shares