തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ മൂന്നാം തവണയും ഹാജരായില്ല; കേസ് റദ്ദാക്കാന്‍ പ്രതിഭാഗം ഹര്‍ജി നൽകി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ മൂന്നാം തവണയും ഹാജരായില്ല; കേസ് റദ്ദാക്കാന്‍ പ്രതിഭാഗം ഹര്‍ജി നൽകി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അടക്കമുള്ള ആറ് പ്രതികള്‍ മൂന്നാം തവണയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല.
വ്യാഴാഴ്‌ച രാവിലെ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികള്‍ ഹാജരായില്ലെന്ന വിവരം പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു.

കേസെടുത്തത് നിയമാനുസൃതമല്ലെന്നും അതുകൊണ്ട് തന്നെ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. എസ്.സി, എസ്.ടി ആക്ടും ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് കേസ് ഒക്‌ടോബര്‍ നാലിലേക്ക് മാറ്റിവെച്ചു. അന്ന് പ്രതിഭാഗം ഹരജിയില്‍ കോടതി വാദം കേള്‍ക്കും. പ്രതികള്‍ ഇനി കോടതിയില്‍ ഹാജരാകണോ വേണ്ടയോ എന്നത് സംബന്ധിച്ച് വാദത്തിന് ശേഷം കോടതി തീരുമാനിക്കും.

കഴിഞ്ഞ രണ്ട് തവണയും നോട്ടീസയച്ചിട്ടും പ്രതികള്‍ ഹാജരാകാതിരുന്നതില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഈമാസം 12ന് ഈ കേസ് പരിഗണിച്ച കോടതി പ്രതികള്‍ ഹാജരാകാതിരുന്നതിനാല്‍ 21ലേക്ക് മാറ്റിവെക്കുകയായിരുന്നു. 21ന് പ്രതികള്‍ ഹാജരാകണമെന്നാണ് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. മൂന്നാംതവണയും പ്രതികള്‍ ഹാജരാകാതിരുന്നതിനാല്‍ കോടതി അടുത്ത നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് പ്രതിഭാഗം വിടുതല്‍ ഹര്‍ജി നല്‍കിയത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ രണ്ടരലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. കെ.സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ.ബാലകൃഷ്ണഷെട്ടി, ബി.ജെ.പി നേതാക്കളായ കെ.സുരേഷ് നായക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരും കേസില്‍ പ്രതികളാണ്.

എസ്.സി, എസ്.ടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

0Shares