ഷഹനയുടെ മരണകാരണം അതാകാം, താമസ സ്ഥലത്ത് തിരിച്ചെത്തിയ ശേഷം എന്തോ സംഭവം നടന്നു; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഷഹനയുടെ മരണകാരണം അതാകാം, താമസ സ്ഥലത്ത് തിരിച്ചെത്തിയ ശേഷം എന്തോ സംഭവം നടന്നു;  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ഉണ്ടായ എന്തോ ഒരു സംഭവമാണ് വെഞ്ഞാറമൂട് സ്വദേശിയായ പി.ജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ മരണത്തിന് ഇടയാക്കിയതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (DME) ഡോ. തോമസ് മാത്യുവിൻ്റെ റിപ്പോര്‍ട്ട്. വന്‍തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ജീവനൊടുക്കിയ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.എം.ഇ നിയോഗിച്ച മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഈ മാസം നാലാം തീയതി രാത്രിയിലാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ താമസ സ്ഥലത്ത് ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ പ്രതി കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ റുവൈസുമായി ഷഹന അടുപ്പത്തിലായിരുന്നു എന്നും വിവാഹം നടക്കില്ലെന്ന് റുവൈസ് അറിയിച്ചതിനെ തുടര്‍ന്ന് ഷഹന വളരെ ദുഃഖിതയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷഹന റുവൈസിന് വാട്‌സാപ്പ് സന്ദേശം അയച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ അയാള്‍ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാല്‍ തങ്ങള്‍ക്ക് അത് നല്‍കാനാകില്ലെന്നും താന്‍ മരിക്കുകയാണെന്നുമാണ് ഷഹനയുടെ വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നത്. റുവൈസ് ഇതു വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഷഹന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റും ചെയ്‌തു.

വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ വീട്ടുകാര്‍ റുവൈസിൻ്റെ വീട്ടിലേക്കും പോയിരുന്നു. എപ്പോള്‍ വിവാഹം നടത്തണമെന്നത് ഉള്‍പ്പെടെ ചര്‍ച്ച നടത്തി. പിന്നീടാണ് സ്ത്രീധനത്തിൻ്റെ പേരില്‍ റുവൈസ് പിന്‍മാറിയതെന്നും പൊലീസ് പറയുന്നു.

0Shares