
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി.കെ. കുഞ്ഞാലിക്കുട്ടി. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. അങ്കമാലിയിലെ സ്വകാര്യ ആശുപതിയിൽ വച്ചായിരുന്നു ഇന്ന് അന്ത്യം സംഭവിച്ചത്.
തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു അദ്ദേഹമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അദ്ദേഹവുമായി ചെറുപ്പം മുതലേയുള്ള ബന്ധമാണെന്നും ഒരുമിച്ച് കളിച്ച് വളർന്നവരാണ് ഞങ്ങളെന്നും അദ്ദേഹത്തെ കുറിച്ച് ഒരുപാട് ഓർമകളുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്നലെ മുതൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില കുറച്ച് ഗുരുതരമായിരുന്നുവെങ്കിലും ഇന്ന് രാവിലെ ആരോഗ്യം കുറച്ച് മെച്ചപ്പെട്ടുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം ഞങ്ങളെല്ലാവരും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും ദൈവത്തിൻ്റെ വിധിക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്റും ലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. നാളെ രാവിലെ ഒൻപത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
