
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിഡിയോയിൽ കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി സുനിൽ കുമാർ ആണ് അറസ്റ്റിലായത്. ആളെ കണ്ടെത്താനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. പിന്നാലെയാണ് സുനിൽ കുമാർ അറസ്റ്റിലാകുന്നത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ കുട്ടികളുടെ മൊഴിയെടുക്കും. ഇയാളെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്‍റെ നീക്കം. കഴിഞ്ഞ ദിവസമാണ് രണ്ടു കുഞ്ഞുങ്ങളെ കാണാതായ മദ്യകുപ്പികൾ എടുത്തുവെന്ന് ആരോപിച്ച് മർദ്ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ദൃശ്യത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയാൻ കഴിയാതായതോടെ പ്രതിയെ കണ്ടെത്താൻ പോലീസ് സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റെയും കുഞ്ഞിനെ എടുത്ത് എറിയുന്നതിന്‍റെയും ക്രൂരത പുറംലോകത്തെ കാണിക്കാൻ അമ്മ തന്നെയാണ് ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നത്. മദ്യകുപ്പികൾ തങ്ങൾ എടുത്തിട്ടില്ലെന്നും അടിക്കല്ലേയെന്നും കുട്ടികൾ കരഞ്ഞു പറയുന്നുണ്ടെങ്കിലും ഇയാൾ മർദ്ദനം അവസാനിപ്പിക്കുന്നില്ല. തന്‍റെ അനുജന് അടികൊള്ളാതിരിക്കാൻ മുന്നിൽ നിന്ന് പെൺകുട്ടി അടിവാങ്ങുന്നു.
അതേസമയം അച്ഛൻ ചേച്ചിയെ അടിക്കുമ്പോൾ അത് തടയാൻ ഇളയകുട്ടിയും ശ്രമിക്കുന്നുമുണ്ട്. നിലത്ത് ഇരിക്കുന്ന കുട്ടികളുടെ അമ്മയെയും ഇയാൾ ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. അമ്മയെ ഒന്നും ചെയ്യരുതെന്നു കുട്ടികൾ കരഞ്ഞു കൊണ്ട് അപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം.
