
സൗദി അറേബ്യ അടക്കമുളള ഇസ്ളാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന് സമസ്ത എ.പി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാക്കൾ രംഗത്തെത്തി. മുസ്‌ലിങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്‍റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടത്.
അത് നിലനിർത്താനാണ് ലീഗിന്‍റെ അടക്കം പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികൾ ഉണ്ടാകുന്നുണ്ട് എന്നാണ് ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് എസ്. എസ്. എഫ് സമ്മേളനത്തിൽ ഇന്നലെ സംസാരിക്കവെയാണ് ഇസ്ലാമിക രാജ്യങ്ങളെക്കാൾ ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്‌ത എ. പി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാർ പറഞ്ഞത്. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ലെന്നും ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞിരുന്നു.
