ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ഥ മാധ്യമ പ്രവർത്തനം; വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുത്: മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ഥ മാധ്യമ പ്രവർത്തനം;  വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുത്: മുഖ്യമന്ത്രി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരികളുടെ വാഴ്ത്തുപാട്ടുകാരായി മാധ്യമങ്ങള്‍ അധഃപതിച്ചെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് താല്‍പര്യമില്ല. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങള്‍ മാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിൻ്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാര്‍ഥ മാധ്യമ പ്രവര്‍ത്തനമെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നൽകാനും സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ പദ്ധതിയും നടപ്പാക്കേണ്ട സമയത്ത് നടപ്പാക്കണം. നിക്ഷിപ്ത താൽപര്യക്കാരുടെ നിലപാടിന് മാധ്യമങ്ങൾ വെള്ളവും വളവും നൽകരുത്. അതിന് പ്രാധാന്യം കൊടുക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares