ചട്ടഞ്ചാൽ സ്വദേശിനി ഭര്‍തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിനെയും ഭര്‍തൃ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ചട്ടഞ്ചാൽ സ്വദേശിനി ഭര്‍തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവിനെയും ഭര്‍തൃ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: ഭർതൃവീട്ടിൽ ചട്ടഞ്ചാൽ സ്വദേശിനിയായ റംസീന കെട്ടിത്തൂങ്ങി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവിനെയും ഭര്‍തൃ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ ഉദയനഗറിലെ ഷുക്കൂറിന്‍റെ ഭാര്യ റംസീന 25, ആത്മഹത്യ ചെയ്തത് ഭർതൃപീഡനത്തെത്തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി റംസീനയുടെ മാതാവ് റസിയ ആദ്യം അമ്പലത്തറ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കുകയുണ്ടായി.

ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണം എന്ന ഈ പരാതിയിലാണ് ഭർത്താവ് ഷുക്കൂർ, ഷുക്കൂറിന്‍റെ പിതാവ് അബ്ദു റഹ്മാന്‍ എന്നിവരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും രാവിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന് ) കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സൈബര്‍ സെല്ലിന്‍റെ സഹായത്താല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

സെപ്തംബർ 16-ന് വൈകീട്ട് 5-30 മണിയോടെയാണ് യുവതിയെ ഭർതൃവീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം പോലും ഭര്‍തൃ വീട്ടുകാർ യുവതിയുടെ വീട്ടുകാരെ അറിയിച്ചില്ല. അയൽവാസികൾ പറഞ്ഞാണ് തങ്ങള്‍ സംഭവം അറിയുന്നത് എന്നും കുടുംബം ആരോപിച്ചിരുന്നു.

സ്ത്രീധന പീഡനത്തിന് പുറമെ ശാരീരിക പീഡനവും യുവതിക്ക് നേരെ ഉണ്ടായി എന്നാണ് ആരോപണം. മരണത്തിന് മുമ്പ് യുവതി ഫോണിൽ വിളിച്ച് ഈ കാര്യങ്ങൾ സൂചിപ്പിച്ചതായും കുടുംബം പറഞ്ഞിരുന്നു.

0Shares