
സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകി. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. 131 അസംബ്ലി മണ്ഡലങ്ങളിലായി വോട്ടർപട്ടികയിലെ ക്രമക്കേടിലൂടെ 4, 34, 042 ക്രമരഹിത വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞടുപ്പ് കമ്മീഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

കമ്മീഷന് കത്ത് നൽകിയിട്ടും നടപടി ഇല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി നാളെ പരിഗണിച്ചേക്കും.വിഷയം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നുവെന്ന് കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് ക്രമക്കേട് നടക്കുന്നത് മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണോയെന്നും ചോദിച്ചു. ഭരണകക്ഷിയെ സഹായിക്കാനാണ് നീക്കങ്ങളെന്നും ചെന്നിത്തല ആരോപിച്ചു.
സ്‌കൂളിലെ കിറ്റ് വിതരണം വോട്ട് ലക്ഷ്യം വച്ചാണെന്നും പ്രതിഷേധാർഹമാണെന്നും പറയുന്ന പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് അഴിമതിയാണ് ഇതെന്ന് ആരോപിക്കുന്നു. കിറ്റ് ഏപ്രിൽ 6 ന് ശേഷം വിതരണം നടത്തണമെന്നും വിഷു കിറ്റ് വോട്ടെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു. സാമൂഹ്യ പെൻഷൻ വിതരണത്തിലും ഇതേ ചട്ടലംഘനമുള്ളതായാണ് ആരോപണം.
