
സംസ്ഥാന സ്പീക്കർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർക്കെതിരെയുളള ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നിയമസഭയെ മലീമസമാക്കുന്ന ധൂർത്തും അഴിമതിയും ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പരിപാടി ജനാധിപത്യത്തിന്‍റെ കൊള്ളയാണ്. പ്രളയത്തിൽ ജനം കഷ്ടപ്പെടുമ്പോൾ പണം ധൂർത്തടിക്കുകയായിരുന്നു. ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നിർത്തിവച്ചതാണെങ്കിലും താൽക്കാലിക ജീവനക്കാർ ഇപ്പോഴും ശമ്പളം വാങ്ങുന്നു. ജനാധിപത്യത്തിന്‍റെ സാധ്യതകൾ ഉപയോഗിച്ച് കൊള്ളയാണ് ഇവിടെ നടക്കുന്നത്.
ലോക കേരള സഭയിലെ അംഗങ്ങൾക്ക് ഇരിക്കാൻ അവരുടെ അന്തസിന് ചേർന്ന കസേര വേണമെന്നാണ് സ്പീക്കർ പറയുന്നത്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാർട്ടിയുടെ നേതാവ് തന്നെയാണോ ഇത് പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ഇപ്പോഴത്തെ നിയസഭ നിർമിക്കാൻ 17 കോടിയാണ് ചെലവായത്. സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ കാലത്ത് നവീകരണത്തിന് അതിലേറെ ചെലവായിയെന്നും ചെന്നിത്തല ആരോപിച്ചു. സ്വപ്‌നയുടെയും സ്പീക്കറുടെയും ബന്ധം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു.
