ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; തെക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി, കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; തെക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി, കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ രാജസ്ഥാന് മുകളില്‍ നിലവില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മർദ സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്.

അതേസമയം ചൊവ്വാഴ്‌ച രാവിലെ പത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക അലെര്‍ട്ടുകളില്ല. നേരത്തെ ചില ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അവ പിന്‍വലിക്കുകയായിരുന്നു.

തിങ്കളാഴ്‌ച വൈകിട്ട് മുതൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പലയിടത്തും ശക്തമായ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ മാത്രം മൂന്ന് മണിക്കൂറിൽ 111 മില്ലി മീറ്റർ മഴ ലഭിച്ചെന്നാണ് കണക്ക്. കേരള -കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

0Shares