കാല്‍നടയായി രാഹുല്‍ ഇ.ഡിയുടെ ഓഫീസിലേക്ക്; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം, ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing കാല്‍നടയായി രാഹുല്‍ ഇ.ഡിയുടെ ഓഫീസിലേക്ക്; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം, ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലേക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലേക്ക് പോയത്. അതേസമയം കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരും ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്.

എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് രാഹുല്‍ പുറത്തു പോയതിന് ശേഷമായിരുന്നു എം.പിമാര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തുവിട്ടത്. അതുവരെ പോലീസ് ഇവരെ പിടിച്ചു വെച്ചിരിക്കുകയായിരുന്നു. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധി എ.ഐ.സി.സി ആസ്ഥാനത്തേക്ക് എത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും അവിടെ നിന്ന് കാല്‍നടയായി ഇ.ഡി ഓഫീസിലേക്ക് പോവുകയുമായിരുന്നു. രാഹുല്‍ ഗാന്ധിയെ അനുഗമിക്കാന്‍ ശ്രമിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ തുടങ്ങിയവരെ പോലീസ് തടഞ്ഞു.

ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിൻ്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിൻ്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയാ ഗാന്ധിയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസില്‍ ഈമാസം 23-ന് ഹാജരാകാനാണ് സോണിയയ്ക്ക് ഇ.ഡി. സമന്‍സയച്ചിരിക്കുന്നത്.

0Shares