
യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കണ്ടോണ്‍മെണ്ട് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്‌ത കേസുകളിൽ രാഹുലിനെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കി. രണ്ട് കേസുകളിൽ കോടതി ജാമ്യം അനുവദിച്ചു.
അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ, മറ്റൊരു കേസിലാണ് വീട്ടിൽ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്‌തത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഡിസംബർ 20ന് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി.

എം.എൽ.എമാരായ ഷാഫി പറമ്പിലും എം.വിൻസണ്ടും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടിയുണ്ടായത്.
രാഹുലിൻ്റെ ജാമ്യഹർജി ബുധനാഴ്‌ച പരിഗണിക്കാനിരിക്കെ ആണ് പുതിയ കേസുകളിലെ അറസ്റ്റ്. അടൂരിലെ വീട്ടിൽ പുലർച്ചെ എത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടോൺമെണ്ട് പൊലീസ് ആദ്യ കേസിൽ അറസ്റ്റ് ചെയ്‌തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിൻ്റെ നടപടികൾ.
